goodnews head

മുള്ളേരിയയെ പച്ചപ്പണിയിക്കാന്‍ 'ഹരിതവനം'

Posted on: 15 Jun 2015


മുള്ളേരിയ: ഭൂമിയില്‍ ജീവനെ താങ്ങിനിര്‍ത്തുന്ന ജൈവവൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യംചെയ്തില്ലെങ്കില്‍ നശിച്ചുപോകുമെന്ന് തിരിച്ചറിയാനായി ഹരിതവനംജൈവ വൈവിധ്യവനം പദ്ധതി നടപ്പാക്കുന്നു. കാലാവസ്ഥാവകുപ്പും ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്സും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതവനം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുള്ളേരിയയില്‍ നടക്കും. 25ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പദ്ധതി ഉദ്ഘാടനംനടത്തും.

എട്ട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുള്ളേരിയ സ്‌കൂളില്‍ ഒന്നര ഏക്കര്‍ പാറപ്രദേശമാണ് വനമാക്കി മാറ്റുന്നത്. സി.ഐ. ഓഫീസിന് മുന്‍വശത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ അടുത്തുള്ള സ്ഥലത്താണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്.

അപൂര്‍വവും വ്യത്യസ്തവുമായ സസ്യങ്ങള്‍ നട്ടുവളര്‍ത്തും. ചെറു ജീവികള്‍ക്ക് ആവാസമൊരുക്കുന്ന വനമായി മാറ്റിയെടുക്കും. മരങ്ങള്‍, ഔഷധസസ്യങ്ങള്‍, പഴച്ചെടികള്‍, വള്ളിച്ചെടികള്‍, മുളകള്‍, പൂച്ചെടികള്‍ തുടങ്ങിയവ നടും. തുടക്കത്തില്‍ സംരക്ഷണത്തിനായി ഇരുമ്പുവേലി നിര്‍മിക്കുമെങ്കിലും പിന്നീട് ജൈവവേലി ഉണ്ടാക്കും.

പാറ നിറഞ്ഞ വരണ്ട പ്രദേശം ചെരുവ് തട്ടുകളായി തിരിച്ചാണ് ചെടികള്‍ െവച്ചുപിടിപ്പിച്ചിരിക്കുന്നത്. അപൂര്‍വവും അന്യംനിന്നുപോകുന്നതുമായ ചെടികള്‍ക്കാണ് പാര്‍ക്കില്‍ പ്രാമുഖ്യം നല്കിയിരിക്കുന്നത്. നാല്പാമരം, ദശമൂലം, ദശപുഷ്പം, രാമച്ചം, പുല്ലുമുള, വിവിധയിനം ചെമ്പരത്തികള്‍ തുടങ്ങി ചെടികളുടെ ശേഖരം വയനാട്ടില്‍നിന്ന് കൊണ്ടു വരും. സന്ദര്‍ശകര്‍ക്ക് ചെടികളെ തിരിച്ചറിയാനായി ഓരോ ചെടികളുടെയും സമീപത്ത് പേര്, ശാസ്ത്രീയനാമം എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിരിക്കും. വനംവകുപ്പില്‍നിന്ന് ചെടികള്‍ ശേഖരിക്കും.

സ്‌കൂള്‍ കുട്ടികള്‍ക്കും എന്‍.എസ്.എസ്. വോളണ്ടന്റിയര്‍മാര്‍ക്കും പ്രകൃതി പഠന ക്യാമ്പുകള്‍ക്കും സാധ്യതയുണ്ടാകും. ഹരിതവനത്തിന്റെ സംരക്ഷണത്തിനായി നാട്ടുകാരെമാത്രം ഉള്‍പ്പെടുത്തി സംരക്ഷണസമിതിയും രൂപവത്കരിക്കും. വനമിത്ര, ജൈവവൈവിധ്യബോര്‍ഡിന്റെ നല്ല പരിസ്ഥിതിപ്രവര്‍ത്തകന്‍, സീഡ് പുരസ്‌കാരം എന്നിവ ലഭിച്ച പുണ്ടൂര്‍ ഹമീദിന്റെ നേതൃത്വത്തിലാണ് മുള്ളേരിയയില്‍ ഹരിതവനം നടപ്പാക്കുന്നത്.

 

 




MathrubhumiMatrimonial