Crime News

ബസ് കാത്തുനിന്ന അധ്യാപികയുടെ ആഭരണങ്ങള്‍ മയക്കുമരുന്ന് കുത്തിവെച്ച് കവര്‍ന്നു

Posted on: 14 Jun 2015


മാലൂര്‍ (കണ്ണൂര്‍): ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തിരക്കിനിടയില്‍ കൈക്ക് മയക്കുമരുന്ന് കുത്തിവെച്ച് അധ്യാപികയുടെ സ്വര്‍ണാഭരണം കവര്‍ന്നു. ഉരുവച്ചാല്‍-ശിവപുരം റോഡില്‍ ബസ് കാത്തുനിന്ന കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുടെ വളയും രണ്ട് മോതിരവുമാണ് കവര്‍ന്നത്. വലതുകൈക്ക് പെട്ടെന്ന് സൂചി തറയ്ക്കുകയായിരുന്നു. കഠിനമായ വേദനകൊണ്ട് അധ്യാപിക കൈ തടവിയപ്പോള്‍ അടുത്തുനിന്ന പര്‍ദധരിച്ച സ്ത്രീ തേനീച്ച കുത്തിയതാണെന്നും അവിടെ ആണി തറച്ചത് എടുത്തുകളയണമെന്ന് പറഞ്ഞതായും ഓര്‍മയുണ്ടെന്ന് അധ്യാപിക പറഞ്ഞു. പര്‍ദ ധരിച്ചവര്‍ അധ്യാപികയുടെ ൈകയില്‍ പിടിച്ചിരുന്നു. ബസ് വന്നപ്പോള്‍ അസഹ്യമായ വേദന സഹിച്ച് മാലൂര്‍ വഴി പേരാവൂരിലേക്ക് യാത്രയായി. മയക്കംവിട്ട് ബസ്സില്‍നിന്ന് ഉണര്‍ന്നപ്പോഴാണ്‌ ൈകയിലുള്ള സ്വര്‍ണവളയും മോതിരവും നഷ്ടമായത് മനസ്സിലായത്. മറ്റൊരുവള ഊരിയെടുക്കാന്‍ കഴിയാതെ ഒടിഞ്ഞ നിലയിലായിരുന്നു. പര്‍ദ അണിഞ്ഞത് സ്ത്രീയോ പുരുഷനോ എന്നറിയാന്‍ കഴിഞ്ഞില്ല. ബസ്സ്‌റ്റോപ്പിലുള്ള മറ്റുള്ളവരൊന്നും സിറിഞ്ച് പ്രയോഗം അറിഞ്ഞില്ല. വേദന മാറാത്തിതനെത്തുടര്‍ന്ന് വിഷചികിത്സാലയത്തില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കുത്തിവെച്ചതാണെന്ന് മനസ്സിലായത്.
കഴിഞ്ഞദിവസങ്ങളില്‍ ഉരുവച്ചാല്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നുപേരുടെതായി 31,000 രൂപ അടിവസ്ത്രം ബ്ലേഡുകൊണ്ട് കീറി കവര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 




MathrubhumiMatrimonial