Crime News

ക്രഷര്‍ ആക്രമണം; രൂപേഷിനെ നെടുംപൊയിലിലെത്തിച്ച് തെളിവെടുത്തു

Posted on: 14 Jun 2015


പേരാവൂര്‍: നെടുംപൊയില്‍ സ്റ്റോണ്‍ ക്രഷര്‍ ഓഫീസ് ആക്രമിച്ച് തീയിട്ട കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ശനിയാഴ്ച 11.30-ഓടെയാണ് ഡിവൈ.എസ്.പി. പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രൂപേഷിനെ സ്റ്റോണ്‍ ക്രഷര്‍ ഓഫീസിലും സമീപത്തെ ചെക്കേരി കോളനിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പോലീസ് വാഹനത്തില്‍നിന്ന് മുദ്രാവാക്യംവിളിയോടെ പുറത്തുവന്ന രൂപേഷ് ക്രഷര്‍ ഓഫീസ് മുറ്റത്തുനിന്ന് മുദ്രാവാക്യംവിളി തുടര്‍ന്നു.
'ജനവിരുദ്ധ ക്വാറികള്‍ തുലയട്ടെ, പോലീസിന്റെ കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയുക, നക്‌സല്‍ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ രൂപേഷിനെ പിന്നീട് സമീപത്തെ ചെക്കേരി കോളനിയിലെത്തിച്ചു. ക്രഷര്‍ ആക്രമിച്ചശേഷം രൂപേഷും സംഘവും ചെക്കേരി കോളനിയിലെത്തിയ വീടുകളില്‍ രൂപേഷിനെ കൊണ്ടുപോയി തിരിച്ചറിയല്‍ നടത്തി.

കോളനിയിലെ മൂത്രാടന്‍ ബിന്ദു, കുന്നേല്‍ കുംഭ, തെനിയാടന്‍ ശാന്ത എന്നിവരുടെ വീടുകളിലാണ് രൂപേഷിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. ഒരുമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് പോലീസ് സംഘം മടങ്ങി. തണ്ടര്‍ ബോള്‍ട്ട് സേനയുടെ വന്‍ സന്നാഹത്തെ വിന്യസിച്ചാണ് രൂപേഷിനെ വനവഴിയിലൂടെ ചെക്കേരി കോളനിയിലേക്ക് കൊണ്ടുവന്നത്.
ഡിവൈ.എസ്.പി.ക്ക് പുറമെ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ്, എസ്.ഐ.മാരായ മാത്യു ജോണ്‍, കെ.എം.ജോണ്‍, ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

2015 ജനവരി രണ്ടിന് പുലര്‍ച്ചെയാണ് നെടുംപൊയില്‍ 24-ാം മൈലിലെ സ്റ്റോണ്‍ ക്രഷര്‍ ഓഫീസ് ആക്രമിക്കപ്പെട്ടത്. ഓഫീസ് തല്ലിത്തകര്‍ത്ത സംഘം മുഴുവന്‍ ഫര്‍ണിച്ചറും ഫയലുകളും തീയിട്ടിരുന്നു. ഓഫീസിലെ മറ്റൊരു മുറിയില്‍ സ്ഥാപിച്ച സി.സി.ടി.വി.കാമറ റെക്കോഡിങ് യൂണിറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

രൂപേഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘത്തിനെതിരെ കേളകം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയത്. ആയുധങ്ങളുമായി കൊളപ്പ, ചെക്കേരി കോളനിയിലെത്തിയ സംഭവത്തില്‍ രൂപേഷിനും കൂട്ടാളികള്‍ക്കുമെതിരെ പേരാവൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പിന്നീട് തെളിവെടുപ്പ് നടത്തും.

 

 




MathrubhumiMatrimonial