Crime News

സ്വര്‍ണാഭരണം ഉള്‍പ്പെടെ ഒരുകോടി കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

Posted on: 12 Jun 2015


വടക്കര: വീടുകളില്‍നിന്ന് സ്വര്‍ണാഭരണമുള്‍പ്പെടെ ഒരുകോടി രൂപ കവര്‍ച്ചചെയ്ത കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മുക്കിലങ്ങാടി കാപ്പുമ്മല്‍ ഇബ്രാഹിം 44, സഹോദരന്‍ ഇമ്പിച്ചിക്കോയ (ഷാജഹാന്‍ 32) എന്നിവരാണ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും തമിഴ്‌നാട്ടിലുമാണ് ഇവര്‍ കവര്‍ച്ചനടത്തിയത്. ആളില്ലാത്ത വീടുകളില്‍നിന്ന് 350 പവന്‍ ആഭരണങ്ങള്‍ ഇവര്‍ കവര്‍ന്നിട്ടുണ്ട്.

കോഴിക്കോട് പോലീസ് ചാര്‍ജ്‌ചെയ്ത മുപ്പതോളം കവര്‍ച്ചക്കേസുകളില്‍ ഷാജഹാന്‍ നാലുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2010 ഏപ്രിലിലാണ് ഇയാള്‍ പുറത്തുവന്നത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലെ ചേരമ്പാടിയില്‍ ബേക്കറി തൊഴിലാളിയായിരുന്നു. ഇബ്രാഹിമും മോഷണ ക്കേസില്‍ മാനന്തവാടി ജയിലില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഗൂഡല്ലുരില്‍നിന്നും ഷാജഹാനെ വിളിച്ചുവരുത്തി 2011 മാര്‍ച്ചില്‍ ഇബ്രാഹിമാണ് കവര്‍ച്ച ആസൂത്രണംചെയ്തത്.

മാര്‍ച്ച് 27ന് പട്ടാമ്പി തെക്കുംമുറിയിലെ കോണ്‍ട്രാക്ടറായ പൂവത്തിങ്കല്‍ അമീറലിയുടെ വീട്ടില്‍ നിന്ന് 108 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കവര്‍ന്നാണ് ഇവര്‍ പദ്ധതിക്ക് തുടക്കമിട്ടത്. മേലാറ്റൂര്‍ തോളൂര്‍ മുഹമ്മദ് ജമാലിന്റെ വീട്ടില്‍ നിന്നും ആറുലക്ഷംരൂപ, തുവ്വൂര്‍ കൃഷ്ണവിലാസം അനിലിന്റെ വീട്ടില്‍നിന്നും ആറരപ്പവന്‍ സ്വര്‍ണാഭരണം, മേലാറ്റൂര്‍ ശ്രീനിലയത്തില്‍ അധ്യാപിക ദുര്‍ഗയുടെ വീട്ടില്‍നിന്നും 15 പവന്റെ ആഭരണങ്ങള്‍, അമ്പലവയല്‍ ഒന്നയാല്‍ തൊഴുത്തിങ്ങല്‍ ജോണ്‍സന്റെ വീട്ടില്‍നിന്നും ഒന്നര ലക്ഷംരൂപ ഉള്‍പ്പെടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുപേരും ചേര്‍ന്ന് 30 കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

2015 ഫിബ്രവരിയില്‍ മരുതയോടുചേര്‍ന്ന മണല്‍പാടം, മൂത്തേടം നെല്ലിക്കുത്ത് പ്രദേശങ്ങളിലെ വീടുകളുടെ ഓടിളക്കി മോഷണം നടത്തിയിരുന്നു. ഇതേസമയത്ത് കോഴിക്കോട് ചാത്തമംഗലത്ത് വീടിന്റെ ജനല്‍ക്കമ്പി ഇളക്കിമാറ്റിയും മോഷണം നടത്തിയിരുന്നു.

മോഷണത്തില്‍നിന്നും ലഭിക്കുന്ന പണവും സ്വര്‍ണവും ഷാജഹാന്‍ ഇബ്രാഹിമിനെ ഏല്‍പിക്കും. ബൈക്കില്‍ സഞ്ചരിച്ചാണ് കവര്‍ച്ച. ആളൊഴിഞ്ഞ വീടുകള്‍ക്കുമുമ്പില്‍ ഷാജഹാനെ ഇറക്കിവിടും. മറ്റൊരുവീട്ടില്‍ കവര്‍ച്ചയ്ക്കായി ഇബ്രാഹിമും കയറും. ഈ വിവരം ഇബ്രാഹിം ഷാജഹാനെ അറിയിക്കാറില്ല. ലഭിച്ച പണത്തില്‍നിന്നും 30ലക്ഷം രൂപ വട്ടിപ്പലിശക്കാര്‍ക്ക് നല്‍കിയിരുന്നു. കൊടുവള്ളിയില്‍ ഇബ്രാഹിം വീടുംസ്ഥലവും വാങ്ങിയിട്ടുണ്ട്. കുടകില്‍നിന്നും കൂത്തുപറമ്പില്‍നിന്നും വിവാഹം കഴിച്ച ഇബ്രാഹിം ഇവരെ ഒഴിവാക്കി കോഴിക്കോട് നിന്നും വിവാഹംകഴിച്ച് കൊടുവള്ളിയില്‍ താമസിച്ചു വരികയാണ്. മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചത് മറച്ചുവെച്ച് മരുതയില്‍നിന്നും ഷാജഹാന്‍ വിവാഹം കഴിച്ചിരുന്നു. എട്ടാംക്ലാസ് വിദ്യാഭ്യാസമുള്ള ഷാജഹാന്‍ ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ നന്നാക്കുന്നതില്‍ വിദഗ്ധനാണ്. വഴിക്കടവ് പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങില്‍ മാമാങ്കരയില്‍ വെച്ചാണ് രണ്ടുപേരേയും പിടികൂടിയത്.

ജില്ലാ പോലീസ്‌മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസിചെറിയാന്‍, നിലമ്പൂര്‍ സി.ഐ. പി. അബ്ദുള്‍ബഷീര്‍, വഴിക്കടവ് എസ്.ഐ. ജോതീന്ദ്ര കുമാര്‍, ജൂനിയര്‍ എസ്.ഐ. പ്രസാദ്, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എം. അസൈനാര്‍, സജീവ്, ജാബിര്‍, ജയചന്ദ്രന്‍, ഷാഫി, സജി, മന്‍സൂര്‍ എന്നിവര്‍ചേര്‍ന്ന് പിടികൂടിയ പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial