
കര്‍ണാടക പോലീസിന്റെ പിടിയിലായ മലയാളി കേരളത്തിലും കോടികളുടെ തട്ടിപ്പുകേസുകളില്‍ പ്രതി
Posted on: 09 Jun 2015

കോട്ടയം: ഇരുമ്പയിര് കമ്പനിയുടെപേരില്‍ തട്ടിപ്പുനടത്തിയ കേസില്‍ കര്‍ണാടകപോലീസിന്റെ പിടിയിലായ ഫിലിപ്പ് (42) കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളിലും പ്രതി. ഇയാള്‍ ഇടയ്ക്കിടെ പേരുമാറ്റിയിരുന്നെന്നും വ്യക്തമായിട്ടുണ്ട്.
കര്‍ണാടക ലോകായുക്തയുടെ പരിഗണനയിലുള്ള കേസിലാണ് ഇയാളെ കൊച്ചിയില്‍നിന്ന് ഞായറാഴ്ച അറസ്റ്റുചെയ്തത്. കൃത്യമായ വിലാസം അറിയാതെ, ആന്‍ഡ്രൂസ് സി.ഫിലിപ്പിനെ തേടിയാണ് പോലീസ് എത്തിയത്. അറസ്റ്റിലായപ്പോള്‍, പേര് ഫിലിപ്പെന്നാണെന്നും വ്യക്തമായി.
മുമ്പ്, ഇയാളുടെ പേര് ബോബി ജേക്കബ്ബ് എന്നായിരുന്നു. ഇവിടെ കേസില്‍ പ്രതിയായപ്പോള്‍, കോട്ടയത്തിനടുത്ത് അതിരമ്പുഴ അമലഗിരി ചെത്തിപ്പുഴവീട്ടിലായിരുന്നു താമസം. കോട്ടയത്തെ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചതായിരുന്നു അന്നത്തെ പ്രധാന കേസ്. ഏഴരക്കോടി രൂപ തട്ടിച്ചെന്നായിരുന്നു പരാതി.
കോട്ടയം വെസ്റ്റില്‍ മൂന്ന് കേസുണ്ടായിരുന്നു. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കോതമംഗലം പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ടായിരുന്നു. വ്യാജ ആര്‍.സി. ബുക്ക് ഹാജരാക്കി ബാങ്കിനെ പറ്റിച്ചതിനെതിരെയാണ് കോതമംഗലത്ത് കേസ് വന്നത്. പാസ്റ്ററെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പരാതി ഉയര്‍ന്നു.
ബാങ്കിനെ പറ്റിച്ച കേസില്‍ 2008 നവംബര്‍ 21ന് ഇയാളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പിന്നീട്, സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തി. വിലകുറഞ്ഞ സ്ഥലങ്ങള്‍ വാങ്ങിയിട്ട് കൂടിയ വിലയുള്ളതാണെന്ന് കാട്ടി വന്‍തുക വായ്പയെടുത്തെന്നായിരുന്നു കേസ്. സംഭവത്തില്‍ മൂന്ന് ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ നടപടിയുമുണ്ടായി.
ഇതേത്തുടര്‍ന്ന് ഇയാള്‍ ചെന്നൈയിലേക്ക് പ്രവര്‍ത്തനംമാറ്റി. അവിടെ വത്സരവാക്കം നമ്പര്‍ 22 സ്ട്രീറ്റിലെ വിലാസമാണ് പിന്നീടുള്ള ഇടപാടുകളില്‍ നല്‍കിയത്. ഇതിനിടെ, പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയെന്നും പറയുന്നു. ദില്ലി, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസുകളുണ്ട്.
പാലായിലാണ് ഭാര്യവീട്. ഇവിടെ കൊട്ടാരസദൃശ്യമായ വീട് നിര്‍മ്മിച്ചെങ്കിലും ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്ക് വലിയ വിവരമില്ല.
ഭാര്യയെ കേസുകളില്‍നിന്ന് രക്ഷിക്കാന്‍ വിവാഹമോചനം നേടിയെന്നും പറയുന്നു. ഇതിനുശേഷവും ഇവര്‍ ഒന്നിച്ചാണ് താമസിച്ചിരുന്നത്. കുട്ടികളുമുണ്ട്. ഒരു കേസില്‍ ഫിലിപ്പിനെ അറസ്റ്റുചെയ്യാന്‍ ഗോവ പോലീസ് പാലായില്‍ എത്തിയിരുന്നു. എന്നാല്‍, പോലീസിലെതന്നെ ചിലരുടെ സഹായത്തോടെ അന്ന് രക്ഷപ്പെട്ടു.
ആദ്യം 'ചെത്തിപ്പുഴ എക്‌സ്‌പോര്‍ട്ടിങ്' എന്ന സ്ഥാപനമാണ് നടത്തിയത്. ഇപ്പോള്‍ ഗോവ പനാജിയിലെ അമലഗിരി എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്‌നറെന്ന നിലയില്‍ നടത്തിയ ഇടപാടുകളിലാണ് അറസ്റ്റ്. ഇത്രയേറെ തട്ടിപ്പുകള്‍ നടത്തിയിട്ടും പിന്നീടും ഇത് തുടരാന്‍ സാധിച്ചത് വിവിധ അന്വേഷണ ഏജന്‍സികളുടെ ഏകോപനമില്ലായ്മമൂലമാണെന്നും വ്യക്തമായിട്ടുണ്ട്.
