Crime News

ബോംബ് നിര്‍മിച്ചത് ജയരാജനെ അറസ്റ്റ് ചെയ്താല്‍ കലാപമുണ്ടാക്കാന്‍ -കെ.സുരേന്ദ്രന്‍

Posted on: 09 Jun 2015


കണ്ണൂര്‍: സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ കതിരൂര്‍ മനോജ് വധക്കേസ്സില്‍ അറസ്റ്റ്‌ െചയ്താല്‍ ജില്ലയില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ബോംബ് നിര്‍മിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ് പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം നടക്കുന്നത്. കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ്‌സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നേതാക്കള്‍ക്കാണ്. പാര്‍ട്ടിക്ക് ഇവരുമായി ബന്ധമില്ലെന്ന നേതൃത്വത്തിന്റെ വാദം ശരിയല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങിയത് പി.ജയരാജനും എം.വി.ജയരാജനുമാണ്. സംഭവത്തിലെ തെളിവ് നശിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ചും അന്വേഷണം നടത്തണം.

സംഭവത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെങ്കില്‍ കൊല്ലപ്പെട്ടവരെയും ബോംബ് നിര്‍മാണം നടത്തിയവരെയും കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറയണം. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സി.പി.എം. പാര്‍ട്ടിഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ബോംബ്‌നിര്‍മാണം സജീവമാക്കിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ജില്ലയിലെ സി.പി.എമ്മിന്റെയും ആര്‍.എസ്.എസ്സിന്റെയും ബോംബ് നിര്‍മാണകേന്ദ്രങ്ങളും സൂക്ഷിപ്പുകേന്ദ്രങ്ങളും കണ്ടെത്താന്‍ ദ്രുതകര്‍മസേന രൂപവത്കരിച്ച് പരിശോധിക്കണം.

ജനങ്ങളില്‍ ഭീതിപരത്താന്‍ ആര്‍.എസ്.എസ്സിനെപ്പോലെ ആയുധപരിശീലനവും അക്രമങ്ങളും നടത്താന്‍ സി.പി.എം. ശ്രമിക്കുകയാണ്. ആര്‍.എസ്.എസ്. മോഡല്‍ പരിശീലനമാണ് ഇവര്‍ക്ക് നല്കുന്നത്. ഇതിനായാണ് ആര്‍.എസ്.എസ്. പരിശീലനം നേടിയവരെ സി.പി.എം. ചേരിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പ്രമോദ്, മുണ്ടേരി ഗംഗാധരന്‍, ടി.ഒ.മോഹനന്‍, എം.പി.മുരളി എന്നിവരും പങ്കെടുത്തു.

 

 




MathrubhumiMatrimonial