Crime News

സഫിയ വധക്കേസ് അന്തിമ ഘട്ടത്തിലേക്ക്‌

Posted on: 09 Jun 2015


കാസര്‍കോട്: കോളിളക്കംസൃഷ്ടിച്ച സഫിയ വധക്കേസില്‍ അവസാനഘട്ട വാദപ്രതിവാദം ചൊവ്വാഴ്ച നടക്കും. ഇതിനുശേഷം വിധിപറയാനായി കേസ് മാറ്റിവെക്കും. ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച അന്തിമ വാദപ്രതിവാദം തുടങ്ങി. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

പ്രതിഭാഗം സാക്ഷികളുടെ വിസ്താരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. വാദിഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. ഇത് മൂന്നുമാസംകൊണ്ട് പൂര്‍ത്തിയായി. 64 രേഖകളും 12 മുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെയും 13 രേഖകളും ഹാജരാക്കി. മരിച്ചയാളുടെ തലയോട്ടിയും താടിയും കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കിയുള്ള കേരളത്തിലെ അത്യപൂര്‍വം കേസുകളിലൊന്നാണിത്.

ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ തുടക്കും. 2006 ഡിസംബര്‍ 21-നാണ് ആദൂര്‍ പോലീസ് കേസില്‍ എഫ്.ഐ.ആര്‍. തയ്യാറാക്കുന്നത്. സംഭവംനടന്ന് ഒന്നരവര്‍ഷത്തിനുശേഷം 2008 ജൂലായ് ഒന്നിനാണ് കേസിലെ ഒന്നാംപ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലായ് ആറിന് ഗോവയില്‍നിന്ന് സഫിയയുടെ മൃതദേഹം കുഴിച്ചെടുത്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സഫിയയുടെതാണെന്ന് തെളിയിക്കപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തിനുമുമ്പ് സഫിയക്ക് മാരകമായ മൂന്ന് മുറിവുകള്‍ ഏറ്റിരുന്നതായി തെളിഞ്ഞു.

മുളിയാറിലെ വീട്ടില്‍നിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്ലൂറ്റിലേക്ക് ഹംസ കൊണ്ടുപോവുകയും ചില പ്രശ്‌നങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ ഹംസയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള കനാലില്‍ താഴ്ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കുടകിലായിരുന്ന സഫിയയെ കാസര്‍കോട്ടെത്തിച്ച മൊയ്തു ഹാജിയാണ് രണ്ടാം പ്രതി. ഹംസയുടെ ഭാര്യ മൈമുനയാണ് മൂന്നാംപ്രതി. ഹംസയുടെ ബന്ധുവായ അബ്ദുള്ളയാണ് നാലാംപ്രതി. പോലീസില്‍നിന്ന് എ.എസ്.ഐ. ആയി വിരമിച്ച ഗോപാലകൃഷ്ണനാണ് അഞ്ചാംപ്രതി. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നതാണ് പ്രൊസിക്യൂഷന്റെ ആരോപണം.

മൊയ്തു ഹാജി, അബ്ദുള്ള, റിട്ട. എ.എസ്.ഐ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ വാദങ്ങളാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്.

 

 




MathrubhumiMatrimonial