Crime News

മദ്യലഹരിയില്‍ വാഹനപരിശോധന നടത്തിയ പോലീസുകാരെ എസ്.പി. പിടികൂടി

Posted on: 06 Jun 2015


രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ എസ്.ഐ. ഓടിച്ചിട്ടുപിടിച്ചു


കൊട്ടാരക്കര:
മദ്യലഹരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാരെ കൊല്ലം റൂറല്‍ എസ്.പി. എസ്.ശശികുമാര്‍ കൈയോടെ പിടികൂടി. വൈദ്യപരിശോധനയ്ക്കായി സ്റ്റേഷനില്‍ ഏല്പിച്ച പോലീസുകാരിലൊരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ. ബെന്നിലാലു പിന്തുടര്‍ന്ന് പിടികൂടി. ഇരുവരെയും എസ്.പി. സസ്‌പെന്‍ഡ് ചെയ്തു.

വേഗതാ പരിശോധനയ്ക്കുള്ള ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ശൂരനാട് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ഗോപാലന്‍, പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് എന്നിവരാണ് റൂറല്‍ എസ്.പി.യുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ എം.സി. റോഡില്‍ പനവേലിയിലായിരുന്നു സംഭവം. ഡി.ജി.പി.യുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ എസ്.പി. എത്തിയത്. ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണോ, അപമര്യാദയായി പെരുമാറുന്നുണ്ടോ, രേഖകള്‍ കൃത്യമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയായിരുന്നു എസ്.പി.യുടെ ലക്ഷ്യം. എന്നാല്‍ ഇന്റര്‍സെപ്റ്ററിലുണ്ടായിരുന്ന രണ്ട് പോലീസുകാരും നല്ല ലഹരിയിലാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ എസ്.പി.ക്ക് ബോധ്യമായി. ഇരുവരെയും കൈയോടെ പിടികൂടി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ എസ്.ഐ. ബെന്നിലാലു മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് എ.എസ്.ഐ. ഗോപാലന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്റ്റേഷനില്‍നിന്നിറങ്ങി റോഡിലൂടെ ഓടിയ ഗോപാലന എസ്.ഐ. പിന്നാലെ ഓടി പിടികൂടുകയായിരുന്നു. പോലീസുകാരനെ പിടിക്കാന്‍ എസ്.ഐ. പിന്നാലെ ഓടിയത് നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി. വൈദ്യപരിശോധനയില്‍ ഇരുവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞെങ്കിലും രക്തപരിശോധനയ്ക്ക് ഇവര്‍ വിസമ്മതിച്ചു. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി. അറിയിച്ചു.

 

 




MathrubhumiMatrimonial