
ഈ തൈക്കൂട്ടവും തണലും നാടിന്
Posted on: 04 Jun 2015

കൊച്ചി : നാളെ ലോക പരിസ്ഥിതിദിനം. ഈ പരിസ്ഥിതി ദിനത്തില്‍ 'മാതൃഭൂമി' നാടിന് സമ്മാനിക്കുന്നത് ആലുവ പുഴയോരത്തെ അപൂര്‍വ വൃക്ഷത്തൈക്കൂട്ടം. ആലുവയില്‍ പെരിയാറിന്റെ തീരത്ത്, 1.30 ഏക്കറില്‍ മാതൃഭൂമി നട്ടുവളര്‍ത്തിയ 'ആര്‍ബറേറ്റം' ഇന്ന് നാടിന് സമര്‍പ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള 1.16 ഏക്കര്‍ കണ്ടല്‍ക്കാട് 'മാതൃഭൂമി' വാങ്ങി, വിദ്യാര്‍ഥിസമൂഹത്തെ ഏല്‍പ്പിച്ചിരുന്നു. വിദ്യാര്‍ഥികളിലൂടെ സമൂഹത്തെ പരിസ്ഥിതി സംരക്ഷണത്തിന് സജ്ജമാക്കുന്ന 'മാതൃഭൂമി സീഡ്' (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് 'ആര്‍ബറേറ്റം' സമര്‍പ്പിക്കുന്നത്.
'ആര്‍ബറേറ്റം' എന്നാല്‍ ശാസ്ത്രീയ, വിദ്യാഭ്യാസ പഠനത്തിനുള്ള മാതൃകാ തോട്ടം എന്നാണര്‍ഥം. അരളി, അമ്പഴം, ആത്ത, ഏഴിലംപാല, കുടംപുളി, ചെമ്പകം തുടങ്ങി, 22 ഇനം വൃക്ഷത്തൈകള്‍ ഈ തോട്ടത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പെരിയാറിന്റെ തീരത്ത്, നദീതീര നിയമങ്ങള്‍ ലംഘിച്ച് കെട്ടിയുയര്‍ത്തിയ 'മഴവില്‍ െറസ്റ്റോറന്റ്' പൊളിച്ച സ്ഥലത്താണ് അപൂര്‍വ ഇനങ്ങള്‍ ഉള്‍പ്പടെയുള്ള വൃക്ഷത്തൈകള്‍ വളര്‍ന്നുവരുന്നത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റിയ റെസ്റ്റോറന്റിന്റെ സ്ഥലം പിന്നീട് കാടുപിടിച്ച് കിടക്കുകയായിരുന്നു.
ഇവിടെ മാതൃകാത്തോട്ടം നട്ടുപിടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം 'മാതൃഭൂമി'ക്ക് അനുമതി നല്‍കി. ആലുവ നഗരസഭയുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് തോട്ടമൊരുക്കിയത്.
നാളേയ്ക്ക് ഇതൊരു തണല്‍നിലവും പഠന സങ്കേതവുമാകും. ഇന്ന് രാവിലെ 8.30ന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഈ മാതൃകാത്തോട്ടം നാടിന് സമര്‍പ്പിക്കും. അടുത്ത പടിയായി, ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇവിടത്തെ കുളിക്കടവ് നവീകരിക്കും, പൊതുജനങ്ങള്‍ക്ക് തോട്ടത്തില്‍ വന്നിരുന്ന് വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കും.
