Crime News

ലീനാ പോളിന്റെ തട്ടിപ്പില്‍ രാഖി സാവന്തിന് നഷ്ടമായത് രണ്ടരക്കോടി

Posted on: 04 Jun 2015


മുംബൈ: പത്തുകോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ മുംബൈയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ നടി ലീനാ പോളിന്റെ വലയില്‍വീണ് ബോളിവുഡ് താരം രാഖി സാവന്തിന് നഷ്ടമായത് രണ്ടരക്കോടി രൂപ. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യര്‍ഥിച്ച് സമീപിച്ചതെന്നും ഇരുവരുടെയും ആഡംബരജീവിതം കണ്ടപ്പോള്‍ വിശ്വാസം തോന്നിയതായും രാഖി പറഞ്ഞു.

മുംബൈ നഗരത്തിലെ പല പ്രമുഖ ഡോക്ടര്‍മാരും തട്ടിപ്പിനിരയായിട്ടുണ്ട്. ഡോ. മുര്‍സലിന്‍ ശൈഖിന് നഷ്ടപ്പെട്ടത് 25 ലക്ഷം രൂപയാണ്. ആദ്യം 10 ലക്ഷം രൂപ നിക്ഷേപിച്ചു. തുടര്‍ന്നും നിക്ഷേപിക്കാന്‍ സമ്മര്‍ദമുണ്ടായി. അങ്ങനെ 15 ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. പറഞ്ഞ തീയതി കഴിഞ്ഞ് മൊബൈലില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. ഓഫീസില്‍പോയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.

നിക്ഷേപിക്കുന്ന തുകയ്ക്ക് മാസം 20 ശതമാനവും മൂന്നുവര്‍ഷത്തേക്ക് 300 ശതമാനവും റിട്ടേണ്‍ ആയിരുന്നു ഇവരുടെ വാഗ്ദാനം. 'ലയണ്‍ ഓക് ഇന്ത്യ' എന്നപേരിലായിരുന്നു നിക്ഷേപസ്ഥാപനം അറിയപ്പെട്ടത്. ലക്കി നമ്പര്‍ 5, സ്‌പെഷല്‍ ഹാര്‍വെസ്റ്റ് വീക്ക്, സൂപ്പര്‍ ഹാര്‍വെസ്റ്റ് പ്ലസ്, വീക്ക്‌ലി ന്യൂ ഇയര്‍ ബൊനാണ്‍സ എന്നീ സ്‌കീമുകളായിരുന്നു നിക്ഷേപസമാഹരണം. പണമായിട്ടായിരുന്നു തുക വാങ്ങിയത്. കാലാവധിയായതോടെ പണത്തിനെത്തുന്നവരെ നിക്ഷേപകാലാവധി നീട്ടി കൂടുതല്‍ തുക നേടാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിപ്പിച്ചു. വിശ്വാസ്യതയ്ക്കായി കരാറില്‍ ഒപ്പിടുകയും ചെയ്തു.

10 കോടി രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ടെന്ന് സിറ്റിപോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ആയിരംപേരാണ് ഇവരുടെ തട്ടിപ്പിനിരയായത്.

ലീനാ പോള്‍, ചന്ദ്രശേഖര്‍ എന്നിവരോടൊപ്പം ബോളിവുഡ് ഗാന രചിതാവ് ഹസ്രത്ത് ജയ്പുരിയുടെ മകന്‍ അക്തര്‍ (55), അക്തറിന്റെ മകന്‍ അദില്‍ (22), ബന്ധു നസീര്‍ ജയ്പുരി, സല്‍മാന്‍ റിസ്വി (28) എന്നിവരും അറസ്റ്റിലായി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇവരും പങ്കാളികളായി. ഹസ്രത്ത് ജയ്പുരിയുടെ മകന്‍ എന്നത് അക്തറിന് നിക്ഷേപകരുടെയിടയില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ സഹായിച്ചു.

ചന്ദ്രശേഖറും ലീനയും ചെന്നൈയില്‍ 16 കോടിയുടെ തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് മുംബൈയിലെത്തിയത്. ഒരു ജിംനേഷ്യത്തില്‍ ചന്ദ്രശേഖര്‍ അദിലിനെ പരിചയപ്പെട്ടു. അദിലാണ് അക്തറിനെ ചന്ദ്രശേഖറുമായി അടുപ്പിച്ചത്. ചന്ദ്രശേഖറും ലീനയും താമസിച്ചിരുന്ന ഗോരേഗാവിലെ ഇമ്പീരിയല്‍ ഹൈറ്റസിലെ ഫ്ലൂറ്റിന്റെ വാടക മാസം 75,000 രൂപയായിരുന്നു. ഇരുവരുടെയും പക്കല്‍നിന്ന് 6.5 കോടിയുടെ സ്വത്ത് പിടികൂടിയിട്ടുണ്ട്. 117 ആഡംബരവാച്ചുകള്‍, 12 സെല്‍ഫോണുകള്‍, ഒമ്പത് ആഡംബരകാറുകള്‍ എന്നിവ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.

 

 




MathrubhumiMatrimonial