
മാനവിക മൂല്യങ്ങള്‍ക്കായി തുളസീകൃഷ്ണന്റെ കാല്‍നട യാത്ര
Posted on: 03 Jun 2015
പ്രദീപ് ചിറയ്ക്കല്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടുപോകുന്ന മാനവിക നന്മകള്‍ തിരിച്ചുകൊണ്ടുവരാനായി തിരുവല്ല സ്വദേശി തുളസീകൃഷ്ണന്‍ ഇന്ത്യയെ അളന്നുമുന്നേറുകയാണ്. ആര്‍ഷഭാരത സംസ്‌കാര ആത്മാഞ്ജലി പദയാത്ര എന്നപേരിലുള്ള കാല്‍നടയാത്രയില്‍ അടുത്തറിഞ്ഞവര്‍ ഏറെ. ശുഭ്രവസ്ത്രധാരിയായ ഈ യുവാവിന്റെ ഘട്ടം ഘട്ടമായുള്ള കാല്‍നടയാത്രയ്ക്ക് കൂട്ടായി നാലുവയസ്സുകാരനായ കണ്ണനെന്ന കാളയുമുണ്ട്. ജമ്മുവില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ അവിടെ ദാനമായി കിട്ടിയതായിരുന്നു കാളയെ. അതിന് കണ്ണനെന്ന പേരും നല്‍കി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള തന്റെ യാത്രയിലെ തണുപ്പും ചൂടും മഞ്ഞുമെല്ലാം കണ്ണനും പരിചയപ്പെട്ടു. ഞങ്ങളുടെ യാത്ര വീണ്ടും തുടരും. ഇനിയുള്ളത് കൊല്ലത്തെത്തിയശേഷം.
അവിടെ നിന്ന് പത്തനംതിട്ട, ആലപ്പുഴ വഴി പിന്നെ മംഗലാപുരത്തേക്കും പോകുമെന്ന് തുളസീകൃഷ്ണന്‍ പറഞ്ഞു.
കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള കാല്‍നടയാത്ര പൂര്‍ത്തിയാക്കിയശേഷം തുളസീധരന്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് പൂന്തുറ തക്കല സ്വാമി ക്ഷേത്രത്തിലെത്തിയത്. വിശ്രമത്തിന് ശേഷം ബുധനാഴ്ച വീണ്ടും യാത്ര തുടരും.എല്ലാവരിലും നന്മയുണ്ട്. അത് പരസ്പരം പങ്കുവെയ്ക്കാനുള്ള മനസ്സ് ഉണ്ടെങ്കില്‍ സന്തോഷകരമായ ജീവിതം തുടരാം. ഇത്തരത്തിലുള്ള സ്‌നേഹ സന്ദേശങ്ങളാണ് തുളസീകൃഷ്ണന്‍ തന്റെ കാല്‍നടയാത്രയിലൂടെ ബോധവത്കരണം നടത്തുന്നത്.
മൂന്ന്‌വര്‍ഷം മുന്‍പായിരുന്നു തുളസീകൃഷ്ണന്‍ തന്റെ കാല്‍നടയാത്ര തുടങ്ങിയത്. മലയാളം മാത്രമറിയുന്ന തുളസീകൃഷ്ണന്‍ തന്റെ യാത്രയില്‍ ഭാഷ ഒരു തടസ്സമായി മാറിയിരുന്നില്ലായെന്ന് പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, അമര്‍നാഥ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രചെയ്തപ്പോള്‍ ഭാഷയ്ക്കുപരി നന്മയുടെയും സ്‌നേഹത്തിന്റെയും ബന്ധങ്ങള്‍ ഉടലെടുത്തു. സന്ദേശയാത്രയ്ക്ക് വന്‍പിന്തുണയാണ് അവിടങ്ങളില്‍ ലഭിച്ചിരുന്നത്.
ജമ്മുവില്‍ നിന്ന് തിരികെ വരുമ്പോള്‍ കിട്ടിയത് കല്ലില്‍ തീര്‍ത്ത ഒരു ശിവലിംഗം. ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ കിട്ടിയത് ഒരു കാളയെയും.
ഇവ രണ്ടുമായിട്ടാണ് തുളസീകൃഷ്ണന്‍ കേരളത്തിലേക്ക് മടങ്ങിയത്. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിയുള്ള യാത്രയില്‍ കാളവണ്ടിവലിക്കുന്ന കണ്ണന് ആവശ്യമുള്ള ആഹാരവും വണ്ടിയില്‍ കരുതിയിട്ടുണ്ട്.
മാനവിക മൂല്യങ്ങള്‍ക്കായി താന്‍ നടത്തുന്ന കാല്‍നടയാത്രയ്ക്ക് ഇനിയുമേറെ സഞ്ചരിക്കാറുണ്ട്. ഈ യാത്രയ്ക്ക് വിശ്രമമില്ല.
