
ലഹരിമരുന്ന്: ഒരാള്‍ കൂടി പിടിയില്‍
Posted on: 03 Jun 2015

ഇയാളില്‍ നിന്ന് 12 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിശാ പാര്‍ട്ടിക്കിടെ വൈറ്റില സ്വദേശി സെബാസ്റ്റ്യന്റെ പക്കല്‍ കീറ്റമിന്‍ എന്ന ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗോവയില്‍ വാദ്യസംഗീതം പഠിക്കുന്ന ഫിഫിനിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ഇയാളാണ് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതെന്ന് വ്യക്തമായതോടെ ഫിഫിനെ നിരീക്ഷിച്ചു വരികയായിരുന്നു.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിക്ക് എല്‍.എസ്.ഡി. ആവശ്യമുണ്ടെന്ന വ്യാജേന പോലീസ് ഇയാളെ ബന്ധപ്പെട്ടു. ഇപ്പോള്‍ എല്‍.എസ്.ഡി. ഇല്ലെന്നും ഗോവയില്‍ പോയി കൊണ്ടുവരാമെന്നുമായിരുന്നു ഫിഫിന്റെ മറുപടി.
ഇതുപ്രകാരം ഗോവയില്‍ നിന്ന് കൊണ്ടുവന്ന എല്‍.എസ്.ഡി. ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ച് കൈമാറാനെത്തിയതായിരുന്നു ഫിഫിനെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൃപ്പൂണിത്തുറ പേട്ടയ്ക്ക് അടുത്തുനിന്നാണ് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൗത്ത് സി.ഐ. സിബി ടോം, മരട് എസ്.ഐ. വിബിന്‍ എന്നിവര്‍ അടങ്ങുന്ന സംഘം ഫിഫിനെ പിടിച്ചത്. ഫിഫിന്‍ നേരത്തെയും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
കേസില്‍ രണ്ട് ഡി.ജെ.മാരടക്കം ഏഴ് പ്രതികളെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. ഡി.ജെ. കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ സംഘത്തില്‍പ്പെട്ട നാല് പേരെ കൂടി അടുത്ത ദിവസം കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
