goodnews head

ലോഹ്യാ പദ്ധതിയില്‍ വീട് നല്‍കി; നസീമാബീവിക്കും മക്കള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം

Posted on: 31 May 2015




കായംകുളം:
ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ജീവിതവഴിയില്‍ അനാഥയായ നസീമാബീവിക്ക് പെണ്‍മക്കളുമൊത്ത് ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം.

കരീലക്കുളങ്ങരയില്‍ മൂന്ന് സെന്റ് സ്ഥലത്ത് ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത് ഘടകവും പി.എ. ഹാരീസ് ഫൗണ്ടേഷനും ചേര്‍ന്ന് ലോഹ്യാ ഭവനപദ്ധതിപ്രകാരമാണ് വീട് നിര്‍മ്മിച്ചുനല്‍കിയത്. നിര്‍ധനരായവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതിപ്രകാരമുള്ള ആദ്യവീടാണിത്. ലളിതമായ ചടങ്ങില്‍ ശനിയാഴ്ച ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ നസീമാബീവിക്ക് താക്കോല്‍ സമ്മാനിച്ചു. ഡിഗ്രി വിദ്യാര്‍ത്ഥിനി സുള്‍ഫിയെയും പ്ലൂസ്ടു വിദ്യാര്‍ത്ഥിനി സുമിയെയും ചേര്‍ത്തുപിടിച്ച് നസീമാബീവി പറഞ്ഞു- 'ഒത്തിരി സന്തോഷം'.

ആറ്് വര്‍ഷം മുമ്പുവരെ ഭര്‍ത്താവ് ഷറഫുദ്ദീനും മക്കള്‍ക്കുമൊപ്പം ഗുജറാത്തിലായിരുന്നു നസീമ. രോഗബാധയെത്തുടര്‍ന്ന്, കമ്പനി ജീവനക്കാരനായ ഭര്‍ത്താവ് പെട്ടെന്ന് മരിച്ചു. അന്യദേശത്ത് ഈ കുടുംബം അനാഥരായി. ഷറഫുദ്ദീന്റെ കുടുംബവീടായ കായംകുളത്തേക്കാണ് വണ്ടികയറിയത്.

സ്വന്തം സ്ഥലവും വീടുമില്ലാഞ്ഞ ഇവര്‍ക്ക് കൈത്താങ്ങായത് കായംകുളം പുത്തന്‍തെരുവ് ജമാഅത്ത് പള്ളിയും സന്മനസ്സുള്ള കുറെയാളുകളുമാണ്. അവര്‍ വാടകയ്‌ക്കെടുത്ത് നല്‍കിയ വീട്ടില്‍ താമസിച്ച് അടുക്കളപ്പണിയെടുത്താണ് നസീമ മക്കളെ പോറ്റിയത്.

ലോഹ്യാ ഭവനപദ്ധതിയെപ്പറ്റി ആലോചന വന്നപ്പോള്‍ ആദ്യ പരിഗണന നസീമയ്ക്കു തന്നെയായിരുന്നുവെന്ന് താക്കോല്‍ദാനച്ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജനതാദള്‍ (യു) ജനറല്‍ സെക്രട്ടറി െഷയ്ക്ക് പി. ഹാരിസ് പറഞ്ഞു. കായംകുളം മുസ്ലിം അസോസിയേഷന്‍ വാങ്ങിനല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് എണ്ണൂറ്് ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ചത്. എട്ട് ലക്ഷം രൂപ ചെലവായി.
ചടങ്ങില്‍ സി.കെ. സദാശിവന്‍ എം.എല്‍.എ., ജനതാദള്‍ (യു) സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ്, പ്രൊഫ. ഡി. നാരായണന്‍കുട്ടി, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, എ.ജെ. ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 




MathrubhumiMatrimonial