
അറുപത്തിയാറാം വയസ്സില്‍ ഫോട്ടോഗ്രാഫര്‍
Posted on: 30 May 2015
പി. മനോജ്

അദ്ധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ച്, ഈ അറുപത്തിയാറാം വയസ്സില്‍ ഡോക്ടര്‍ എച്ച്.എസ്. പദ്മ വീണ്ടും വിദ്യാര്‍ത്ഥിനിയായി; അതും ഛായാഗ്രഹണകലയില്‍. വിശ്രമജീവിതത്തിന്റെ വിരസത മാറ്റാന്‍ വായന, എഴുത്ത്, സംഗീതം അങ്ങിനെ ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഫോട്ടോഗ്രാഫി എന്ന ചോദ്യത്തിന് ചില മറുചോദ്യങ്ങളാണ് ഉത്തരം നല്‍കുക. ജന്തു ശാസ്ത്രത്തില്‍ ഗവേഷണബിരുദധാരി പ്രകൃതി സ്‌നേഹി ആവാതിരിക്കുന്നത് എങ്ങിനെ? ഒരു പ്രകൃതി സ്‌നേഹി യാത്രകള്‍ എങ്ങിനെ ഒഴിവാക്കും? യാത്രകള്‍ ആത്മാവിന്റെ ഭാഗമായ ഒരാള്‍ക്ക് മറ്റെന്ത് കാരണം വേണം ഫോട്ടോഗ്രാഫി ഇഷ്ടപെടാന്‍? ഉത്തരം സുവ്യക്തം.
സ്വന്തം സഹോദരിയും സുഹൃത്തുക്കളും അടങ്ങുന്ന ഒരു സ്ഥിരം യാത്രാസംഘമുണ്ട് പദ്മയ്ക്ക്. അന്‍ഡമന്‍, ലക്ഷദ്വീപ്, ഗാംഗ്‌ടോക്ക്, ഹിമാചല്‍, അമര്‍നാഥ്, അമേരിക്കയടങ്ങുന്ന ചില വിദേശരാജ്യങ്ങള്‍, അങ്ങിനെ ചെയ്ത യാത്രകള്‍ ഏറെ. ഡോക്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ''പെട്ടി ക്യാമറ''യില്‍ ആയിരുന്നു അന്നൊക്കെ യാത്രകള്‍ രേഖപെടുത്തിയിരുന്നത്. എന്തോ ചില പരിമിതികള്‍ ആ ചിത്രങ്ങള്‍ക്കുണ്ടെന്ന് പദ്മയ്ക്ക് തോന്നിയിരുന്നു. ഈ തോന്നലാണ് ഫോട്ടോഗ്രാഫിയെ ആധികാരികമായി അറിയാന്‍ ഇവരെ പ്രേരിപ്പിച്ചത്.

മലയാളിയായ ഫോട്ടോജേര്‍ണലിസ്റ്റ് എന്‍.പി.ജയന്‍ ബെംഗളൂരു, കോറമംഗലയില്‍ ആരംഭിച്ച ഫോട്ടോഗ്രാഫി സ്‌ക്കൂളിലേക്ക് കയറിചെന്നപ്പോള്‍ പദ്മയുടെ ആദ്യചോദ്യം പ്രവേശനത്തിന് പ്രായപരിധിയുണ്ടോ എന്നായിരുന്നു. പഠനത്തിന് പ്രായപരിധിയില്ല എന്ന ഉത്തരം അവര്‍ക്ക് നന്നായി ബോധിച്ചു. പ്രവേശനചടങ്ങുകള്‍ക്ക് മുമ്പേ തന്നേ ആദ്യ ക്ലാസ്സില്‍ പങ്കെടുത്തു. ക്ലൂസ്സിന്റെ അവസാനം മുഴവന്‍ ഫീസും കൊടുത്ത് അദ്ധ്യാപികയായ ഡോക്ടര്‍ പദ്മ വിദ്യാര്‍ത്ഥിനിയായി.
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ ടി.എന്‍.എ പെരുമാള്‍, പി.കെ ഉത്തമന്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഫസീഹ തപസ്സ്, ഫോട്ടോജെര്‍ണലിസ്റ്റുകളായ ഗോപിനാഥ്, ഫിറോസ് ബാബു, മെട്രോഫോട്ടോഗ്രാഫര്‍ കെ.ജയറാം ഇവരുടെ ഒക്കെ ഛായാഗ്രഹണപാഠങ്ങള്‍ മുമ്പെടുത്ത ചിത്രങ്ങളുടെ പരിമിതികള്‍ എന്തായിരുന്നു എന്ന് പദ്മയെ ബോധ്യപെടുത്തി. പഠനവഴിയില്‍ ഒരു ഡിജിറ്റല്‍ എസ്. എല്‍ .ആര്‍ ക്യാമറയുടെ ആവശ്യകത ഇവര്‍ തിരിച്ചറിഞ്ഞു.

നിക്കണിന്റെ ഒരു ഡിജിറ്റല്‍ എസ്.എല്‍.ആര്‍ സ്വന്തമാക്കാന്‍ മറ്റൊന്നും പിന്നെ ആലോചിക്കേണ്ടിവന്നില്ല. അപ്പര്‍ച്ചര്‍, ഷട്ടര്‍സ്പീഡ്, നിഴലും വെളിച്ചവും, അങ്ങിനെയങ്ങിനെ പകര്‍ത്തുന്ന നിശ്ച്ചലദൃശ്യങ്ങളില്‍ ജീവന്‍ ചേക്കേറുന്നത് എങ്ങിനെയെന്ന് ഡോക്ടര്‍ക്ക് വെൡപ്പട്ടു. ലാല്‍ബാഗ്, കബ്ബന്‍, ബന്നാര്‍ഗട്ട പാര്‍ക്കുകള്‍, മഹാനഗരവീഥികള്‍, അതിരാവിലെതന്നെ തന്റെ ക്യാമറയുമായി കാഴ്ച്ചകളുടെ പുറംലോകത്തേക്കിറങ്ങും പദ്മ: ഒപ്പം സഹപാഠികളായ അഞ്ജന, അശ്വതി, വിവേക്, ശരത്. ഉത്തരവാദിത്വബോധമുള്ള ഒരദ്ധ്യപികയെ സഹപാഠിയായി ലഭിച്ചതിന്റെ ആവേശമുണ്ട് ഇവര്‍ക്ക്. പഠനയാത്രകളുടെ ഭാഗമായി കഴിഞ്ഞദിവസം വയനാട്ടിലും എത്തിയിരുന്നു പദ്മയും കൂട്ടുകാരും.

ബെംഗളുരു ബി.ടി.എം ലേഔട്ടില്‍ സഹോദരിയോടൊപ്പമാണ് അവിവാഹിതയായ പദ്മയുടെ താമസം. കര്‍ണാടകയിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലി ചെയ്ത് മുപ്പത്തിയേഴ് വര്‍ഷത്തെ ഔദ്യോഗിക ജീവിതം രണ്ടായിരത്തിയേഴില്‍ ബെംഗളുരു ഗവണ്‍മെന്റ് സയന്‍സ് കോളേജില്‍ അവസാനിച്ചു. മൗണ്ട് കാര്‍മല്‍ കോളേജില്‍ ഇപ്പോഴും ജന്തുശാസ്ത്രം പഠിപ്പിക്കാന്‍ പോവുന്നുണ്ടെങ്കിലും അദ്ധ്യാപന ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. ഫോട്ടോഗ്രാഫിയുമായി ബന്ധപെട്ട് ഒരു വലിയ ആഗ്രഹം ഉണ്ട് ഡോക്ടര്‍ പദ്മയുടെ മനസ്സില്‍;ബെംഗലൂരിലെ തടാകങ്ങളിലെ പക്ഷികളെ കുറിച്ച് ഒരു സചിത്ര പുസ്തകം, പിന്നെ വരാനിരിക്കുന്ന ദൃശ്യസമ്പന്നമായ യാത്രകളുടെ ഒരായിരം സ്വപ്നങ്ങളും.
