Crime News

മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ പാസ്റ്റര്‍ അറസ്റ്റില്‍

Posted on: 30 May 2015


അടൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിക്കത്തെഴുതിയ സുവിശേഷപ്രവര്‍ത്തകനെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. വയനാട് കൃഷ്ണഗിരി ചിങ്ങേരി ഉളകപ്പാറ നടുവത്തേത്തുവീട്ടില്‍ എന്‍.ഡി.തോമസിനെ(55)യാണ് അടൂര്‍ സി.ഐ. എസ്.നന്ദകുമാര്‍, എസ്.ഐ. കെ.എസ്.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം വയനാട്ടില്‍ വ്യാഴാഴ്ച അറസ്റ്റുചെയ്തത്.

2014 ഏപ്രിലില്‍ വയനാട്ടില്‍നിന്ന് പുനലൂര്‍ ഡബ്ല്യു.ഒ.എം. ബൈബിള്‍ കോളേജില്‍ സുവിശേഷപഠനത്തിനെത്തിയ തോമസ് ഒക്ടോബര്‍ 17ന് പത്തനംതിട്ട ജില്ലയിലെ വിവിധ ബി.ജെ.പി. ഓഫീസുകളിലേക്ക് നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്തയയ്ക്കുകയായിരുന്നു. ബൈബിള്‍ കോളേജിന്റെ ലെറ്റര്‍പാഡിലെഴുതിയ കത്തിലെ ഉള്ളടക്കം ബി.ജെ.പി. അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസില്‍ ഊമക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ നല്‍കിയ പരാതിയുെട അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ടി.നാരായണന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയ പോലീസ് ഡിവൈ.എസ്.പി. എ.നസീമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി. പോലീസ് ബൈബിള്‍ േകാളേജുമായി ബന്ധപ്പെട്ട് അന്‍പതോളം േഫാണ്‍കോള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. പോലീസ് നിരീക്ഷണത്തെത്തുടര്‍ന്ന് തോമസ് ഒളിവില്‍ പോയിരുന്നു. കോളേജധികൃതര്‍ക്കോ മറ്റുവ്യക്തികള്‍ക്കോ സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

അന്വേഷണസംഘത്തില്‍ സി.ഐ., എസ്.ഐ. എന്നിവരെക്കൂടാതെ എ.എസ്.ഐ.മാരായ കെ.സണ്ണി, വിജയമോഹന്‍, എസ്.സി.പി.ഒ.മാരായ നാദിര്‍ഷ, സുധീഷ് എന്നിവരും പങ്കെടുത്തു. കേസിന്റെ ഗൗരവം കണക്കിലെടത്തുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

 

 




MathrubhumiMatrimonial