Crime News

തീവണ്ടിയില്‍ മുളകുപൊടി വിതറി കവര്‍ച്ച: പ്രതികളെക്കുറിച്ച് സൂചനയില്ല

Posted on: 29 May 2015


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍നിന്ന് 15 ലക്ഷം കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപകമാക്കി. റെയില്‍വേ സ്റ്റേഷനുകളും പ്രധാന ബസ്സ്റ്റാന്‍ഡുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. തീവണ്ടിയില്‍നിന്നിറങ്ങി ഓടിയ പ്രതികള്‍ റോഡ്മാര്‍ഗം രക്ഷപ്പെട്ടതായാണ് പോലീസ് നിഗമനം. പ്രതികള്‍ മുളകുപൊടി പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസ് തീവണ്ടിക്കുള്ളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കേസില്‍ പോലീസിന് ലഭിച്ച ഏക തുമ്പ്. പ്രതികളെ കണ്ടവരുടെ മൊഴിപ്രകാരം രേഖാചിത്രം തയ്യാറാക്കാനും നടപടി തുടങ്ങി. മൊഴിയിലെ വൈരുധ്യമാണ് രേഖാചിത്രം തയ്യാറാക്കുന്നത് വൈകാന്‍ കാരണമാകുന്നത്. കവര്‍ച്ചാസംഘത്തില്‍ മൂന്നുപേര്‍ ഉള്ളതായാണ് മൊഴി. ഇവര്‍ ഓടിപ്പോകുന്നത് കണ്ടവരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. അടുത്തദിവസംതന്നെ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുമെന്നാണറിയുന്നത്. റെയില്‍വേ പോലീസ് സി.ഐ. എ.കെ.ബാബുവാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്.

 

 




MathrubhumiMatrimonial