goodnews head

ബെള്ളൂര്‍ ഒരുങ്ങുന്നു 'മനാര' ഗ്രാമമാകാന്‍

Posted on: 29 May 2015


ബെള്ളൂര്‍: 'എന്‍ഗിള ഗ്രാമം മനാര മന്‍പൊടു'. (ഞങ്ങളുടെ ഗ്രാമം സുന്ദരഗ്രാമമാക്കണം). ബെള്ളൂര്‍പഞ്ചായത്തിലെ തൊണ്ണൂറുശതമാനം ജനങ്ങളും തുളുഭാഷ സംസാരിക്കുന്നവരാണ്. ധാരാളം അടയ്ക്കാതോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളുമുള്ള കര്‍ഷകരുടെ ഗ്രാമം. പ്രകൃതിസുന്ദരമാണെങ്കിലും ഡെങ്കിപ്പനിയടക്കം പിടിപെട്ടപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, കൊതുകുവളരാന്‍ അനുവദിക്കാത്ത ഗ്രാമമാണ് മനാരം(സുന്ദരം) എന്ന്. അതിന്റെ തുടര്‍പ്രവൃത്തിയായി ബെള്ളൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളും ശുചിത്വത്തിനായി ഇനി കൈകോര്‍ക്കും.

ബഹുജനപങ്കാളിത്തത്തോടെ 'മനാര'ഗ്രാമമാകുന്നതിന് മഴക്കാലപൂര്‍വ ശുചിത്വപരിപാടി തുടങ്ങി. വിദ്യാര്‍ഥികള്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍, സന്നദ്ധസംഘടന, തൊഴിലുറപ്പു ജീവനക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് 'മനാര' ഗ്രാമമാകാന്‍ യത്‌നിക്കുന്നത്.

ബെള്ളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നാട്ടക്കല്ലില്‍ നടന്ന ആദ്യദിന ശുചീകരണ പരിപാടി പഞ്ചായത്തംഗം ബാബു അനക്കള ഉദ്ഘാടനംചെയ്തു. ഡോ. യശസ് അധ്യക്ഷതവഹിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ്ബാബു, നിസാം റാവുത്തര്‍, രാജേഷ് എന്നിവര്‍ നേതൃത്വംനല്കി.

 

 




MathrubhumiMatrimonial