Crime News

നിലവിളക്കുകൊണ്ടുള്ള അടിയേറ്റ് അമ്മ മരിച്ചു; മകന്‍ അറസ്റ്റില്‍

Posted on: 28 May 2015


ആറ്റിങ്ങല്‍: നിലവിളക്കുകൊണ്ടുള്ള മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മകനെ പോലീസ് അറസ്റ്റുചെയ്തു. ആലംകോട് മണ്ണൂര്‍ഭാഗം കണ്ണങ്കര അപര്‍ണാ നിവാസില്‍ പ്രസന്നകുമാരന്‍ നായരുടെ ഭാര്യ ഉഷയാണ്(48) കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അഖിലാണ്(വിഷ്ണു-19) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഉഷയും അഖിലും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പോലീസ് പറയുന്നു.

അഖില്‍ ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ അക്രമം കാട്ടി. അച്ഛനമ്മമാരെ ആക്രമിച്ചു. പ്രസന്നകുമാരന്‍നായരുടെ ഇടതുകൈയില്‍ കുത്തി പരിക്കേല്പിച്ചു. ഇവര്‍ ആശുപത്രിയില്‍ പോയിരുന്ന സമയത്ത്്് റോഡിലിറങ്ങിയ അഖില്‍, ആലംകോട് ജങ്ഷനിലെത്തി യാത്രക്കാരെ ആക്രമിക്കാന്‍ തുടങ്ങി. പോലീസും നാട്ടുകാരും ചേര്‍ന്ന്്് ഇയാളെ അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആശുപത്രിയില്‍ കൂടെനില്ക്കാന്‍ ആളില്ലെന്ന്്് വീട്ടില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അഖിലിനെ വീട്ടിലാക്കി.
അക്രമസ്വഭാവം തുടര്‍ന്നതിനാല്‍ പ്രസന്നകുമാരന്‍നായര്‍, ഉഷ, മകള്‍ അപര്‍ണ എന്നിവര്‍ അടുത്തുള്ള ബന്ധുവീട്ടില്‍ തങ്ങി. രാത്രിയില്‍ വാര്‍ഡ്പ്രതിനിധി നാസറുദ്ദീന്‍ അഖിലിന് ഭക്ഷണവും മരുന്നും നല്കിയ ശേഷം മടങ്ങി. അഖില്‍ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ രാത്രിയില്‍ ഉഷ വീട്ടിലേക്ക് മടങ്ങിവന്നു.

വീടിന്റെ മുന്‍വാതിലിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. അഖില്‍ ആക്രമണം തുടങ്ങിയപ്പോള്‍ പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലവിളക്കിന് അടിയേറ്റതാകാമെന്ന് സംശയിക്കുന്നു. തലയില്‍ പലതവണ അടിച്ചിട്ടുണ്ട്്്. വിളക്ക്്് ഒടിഞ്ഞ്്് പല കഷണങ്ങളായി മാറിപ്പോയി. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ദേഹമാസകലം ചോരപുരണ്ട നിലയില്‍ അഖില്‍ മണ്ണൂര്‍ഭാഗം ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നതുകണ്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കൊലപാതകവിവരം അറിയുന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് അഖില്‍ പുറത്തിറങ്ങിപ്പോയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തുമ്പോഴും അഖില്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ത്തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക്് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനുള്ളിലും അക്രമസ്വഭാവം കാട്ടിയ ഇയാളെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഉഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial