
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിതാ തുറയൂര്‍ മാതൃക
Posted on: 27 May 2015
ടി.സോമന്‍

തുറയൂര്‍(കോഴിക്കോട്):നാളത്തെ രാഷ്ട്രീയത്തിന്റെ മുഖം പ്രകടനവും പൊതുയോഗവും കയ്യാങ്കളിയുമല്ലെന്ന് കാണാന്‍ തുറയൂരിലേക്ക് വരൂ.രണ്ടു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ അവിടെ നാട്ടുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ മത്സരിക്കുകയാണ്.അകലാപ്പുഴയും കുറ്റിയാടിപ്പുഴയും ചെറുപുഴയും പഞ്ചായത്തിലൂടെ ഒഴുകുന്നുവെങ്കിലും തീരാശാപമായി നില്‍ക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് തുറയൂരിലെ മുസ്ലീംലീഗും സി.പി.എമ്മും കുടിവെള്ള വിതരണം നടത്തുന്നത്.പോര്‍വിളിയില്ല;കവല പ്രസംഗമില്ല,നോട്ടീസോ ഫ്ലൂക്‌സ് ബോര്‍ഡുകളോയില്ല.ജാതിയും മതവും നോക്കാതെ ആവശ്യക്കാരെ മാത്രം മുന്നില്‍കണ്ടുള്ള ജനസേവനം.
പയ്യോളി കഴിഞ്ഞ് തുറയൂരിലേക്ക് കടക്കുമ്പോള്‍ കാണുക ഒരു വശത്ത് ജലസമൃദ്ധമായ കുറ്റിയാടി പുഴയും മറുവശത്ത് റോഡിനരികിലെ വീടുകള്‍ക്ക് മുന്നിലെ കാലിക്കുടങ്ങളും ബക്കറ്റുകളുമാണ്.ചതുപ്പുകളേറെയുള്ള പ്രദേശം.വേനലായാല്‍ പുഴകളില്‍ ഓരുവെള്ളം കയറും.കിണറുകളില്‍ ഒന്നുകില്‍ ഉപ്പുവെള്ളം;അല്ലെങ്കില്‍ വെള്ളമില്ല.അതു മനസ്സിലാക്കിയാണ് കഴിഞ്ഞ ഒന്നരമാസത്തിലേറെയായി ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവപ്രവര്‍ത്തകര്‍ വെവ്വേറെ കുടിവെള്ള വിതരണമാരംഭിച്ചത്.
ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയെന്നാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പേരിട്ടിരിക്കുന്നത്.ദുബായ്,ഖത്തര്‍ കെ.എം.സി.സി.യില്‍ നിന്നും നാട്ടിലെ ഗള്‍ഫ്കാരില്‍ നിന്നും സഹായമുണ്ട്.ദോഹയില്‍ നിന്നും ഏപ്രിലാദ്യം നാട്ടിലെത്തിയ ടി.കെ.ബഷീറിന്റെ വീട്ടിലെ കിണറില്‍ നിന്നും 3000 ലിറ്റര്‍ശേഷിയുള്ള ടാങ്കുകള്‍ നിറച്ച് ദിവസം പത്തു ട്രിപ്പെങ്കിലും വെള്ളം വിതരണം ചെയ്യും.പാട്ടത്തില്‍ ഇസ്മയില്‍ നിസാന്‍ വണ്ടി വെറുതെ വിട്ടുകൊടുത്തിരിക്കുകയാണ്..ഡ്രൈവര്‍മാരായി അസ്ലമോ എ.വി.റസാക്കോ എത്തും. മുഹമ്മദും അനസും എല്ലാ ട്രിപ്പിലുമുണ്ടാകും.നയാപൈസ ആര്‍ക്കും വേണ്ട .

സി.പി.എം.ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗവുമായ എം.പി.ഷിബുവിന്റെ നേതൃത്വത്തിലാണ് മറുവിഭാഗത്തിന്റെ സേവനം.ശ്രീലേഷും സഫ്‌നാദുമാണ് കൂട്ടിനുണ്ടാവുക.ആരെങ്കിലും എണ്ണയടിച്ച് വണ്ടി നല്‍കും.മാറി മാറി സഹായത്തിന് മറ്റുള്ളവരും എത്തും.
പാര്‍ട്ടി ഏതാണെങ്കിലും സേവനത്തിനിറങ്ങുന്നവര്‍ ഭൂരിഭാഗവും പാലച്ചുവടുകാരാണ്.തുറയൂരില്‍ രാഷ്ട്രീയ സംഘട്ടനമുണ്ടാകുമ്പോഴും അവര്‍തന്നെയാണുണ്ടാകുകയെന്നൊരു മറ്റൊരു സത്യവും ഷിബു മറച്ചുവെച്ചില്ല.
സാമ്പത്തിക പരിമിതികളേറെയുള്ള പഞ്ചായത്ത് 50 കിണറുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.സി.ഷംസുദ്ദീന്‍ പറഞ്ഞു.
