Crime News

ഭാര്യയെ കഴുത്തറത്ത് കൊന്നു; 64 കാരന്‍ അറസ്റ്റില്‍

Posted on: 27 May 2015


പെരുവന്താനം: ഭാര്യയെ മദ്യലഹരിയില്‍ കഴുത്തറത്ത് കൊന്നയാള്‍ അറസ്റ്റില്‍. ആനചാരി കൊട്ടാരത്തില്‍ മേരി യെയാണ്(64) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്തറത്ത് കൊന്നെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഭര്‍ത്താവ് അപ്പച്ചനെ (ദേവസി-64) അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ടാപ്പിങ് തൊഴിലാളിയായിരുന്നു അപ്പച്ചന്‍. സ്ഥിരമായി മദ്യപിച്ചിരുന്നു. മാനസികരോഗത്തിന്ചികിത്സയിലായിരുന്ന ഭാര്യയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നു.

പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തിയെന്ന് പലരോടും ഫോണ്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ഒരുമണിയോടെ ഇയാള്‍ ഇത്തരത്തില്‍ ഫോണ്‍ വിളിച്ച് അയല്‍വാസികളോട് ഭാര്യയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആരും കാര്യമായി എടുത്തില്ല. രാവിലെ 7.30 ഓടെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മേരിയെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.

സംഭവ സമയത്ത് ഇവര്‍ രണ്ടുപേര്‍ മാത്രമാണ് വീട്ടിലുണ്ടയിരുന്നത്. പീരുമേട് സി.ഐ. പി.വി. മനോജ് കുമാറിന്റെയും പെരുവന്താനം എസ്.ഐ. ടി.ഡി. സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറത്ത് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അപ്പച്ചന്‍ സമ്മതിച്ചു. മേരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ശവസംസ്‌കാരം ബുധനാഴ്ച പെരുവന്താനം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍.

 

 




MathrubhumiMatrimonial