
ബാര്‍ കോഴ: നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും
Posted on: 27 May 2015

വിശദാംശങ്ങള്‍ ചോരുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുകാട്ടി പൊതുപ്രവര്‍ത്തകനായ ജഹാംഗീര്‍ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ആഭ്യന്തര സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. വിജിലന്‍സില്‍നിന്ന് വിവരങ്ങള്‍ ചോരാന്‍ സാധ്യതയില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് തീരുമാനിച്ചത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ വിജിലന്‍സ് നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ ഫലം മുദ്രെവച്ച കവറിലാണ് കോടതിയില്‍ നല്‍കിയത്. ഇതിന്റെ പകര്‍പ്പ് അന്വേഷണോദ്യോഗസ്ഥനും നല്‍കിയിരുന്നു. അതിനിടെയാണ് അമ്പിളി നേരത്തെ നല്‍കിയ മൊഴി ശരിവെക്കുന്ന തരത്തിലുള്ളതാണ് നുണപരിശോധനാഫലം എന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
