Crime News

നിഷാമിനെ കോടതിയില്‍ ഹാജരാക്കി; വിദഗ്ധചികിത്സ വേണമെന്ന് ആവശ്യം

Posted on: 27 May 2015


തൃശ്ശൂര്‍: സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കേസിന്റെ വിചാരണനടപടികള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്. ജില്ലാ ജഡ്ജിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എം. നന്ദനകൃഷ്ണന്റെ മുമ്പാകെയാണ് നിഷാമിനെ ഹാജരാക്കിയത്. ജൂണ്‍ 5ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനുമുമ്പ് ജില്ലാ ജഡ്ജി നിയമനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുള്ള തനിക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന് നിഷാം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. തന്റെ വലത്തെ കണ്ണിനും ചെവിക്കും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നിഷാം കോടതിയില്‍ ബോധിപ്പിച്ചത്. കൂടാതെ പുറംവേദനയും ഉണ്ട്. ഇതിന് ജയിലില്‍ ആയുര്‍വേദ ചികിത്സയാണ് ലഭിക്കുന്നത്. മറ്റേതെങ്കിലും ചികിത്സ വേണമെന്നായിരുന്നു നിഷാമിന്റെ ആവശ്യം.

ചന്ദ്രബോസിനെ ഇടിപ്പിക്കാനുപയോഗിച്ച ഹമ്മറും നിഷാമിന്റെ മറ്റൊരു വാഹനമായ ജാഗ്വറും വിട്ടുനല്‍കണമെന്ന ആവശ്യവും നിഷാമിന്റെ അഭിഭാഷകര്‍ ഉന്നയിച്ചു. ഇതിനെ സ്‌പെഷല്‍ പബ്ലിക് പോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു എതിര്‍ത്തു. 164 പ്രകാരം എടുത്ത മൊഴികളുടെ പകര്‍പ്പും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിഷാമിനുവേണ്ടി ഹാജരായ അഡ്വ എം. സുനില്‍കുമാര്‍ അറിയിച്ചു. ഹൈക്കോടതിയുടെ അഭിപ്രായം അറിയട്ടെയെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കുന്ന അഭിഭാഷക സംഘത്തിലെ അഡ്വ. റോബ്‌സണ്‍ പോള്‍, ടി.എസ്. രാജന്‍, സലിന്‍ നാരായണന്‍, പി.എസ്. ഋത്വിക് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാര്‍, ഗുരുവായൂര്‍ എ.സി.പി. ജയചന്ദ്രന്‍പിള്ള, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി എന്നിവരും കോടതിയില്‍ എത്തി.
രാവിലെ 9.50ഓടെയാണ് നിഷാമിനെ കോടതിയില്‍ എത്തിച്ചത്. 12.20ഓടെ കേസ് പരിഗണനക്ക് എടുത്തു. കേസ് ആദ്യമായാണ് ജില്ലാ കോടതിയുടെ പരിഗണനക്ക് എത്തുന്നത്. വധശ്രമമെന്ന നിലയില്‍ ആദ്യം കുന്നംകുളം കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. ചികിത്സയിലിരിക്കെ ചന്ദ്രബോസ് മരിച്ചതോടെയാണ് കേസ് ജില്ലാ കോടതിയുടെ പരിഗണനക്ക് എത്തുന്നത്.

 

 




MathrubhumiMatrimonial