Crime News

മലബാര്‍ സിമന്റ്‌സിലെ നിയമനങ്ങള്‍; പരാതിക്കാരന്‍ വ്യാജനെന്ന് വിജിലന്‍സ്‌

Posted on: 27 May 2015


പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സിന് പരാതി അയച്ചത് വ്യാജപ്പേരുകാരനാണെന്ന് മൊഴി. പൊതുമേഖലാ സംരക്ഷണസമിതി സെക്രട്ടറി ശശിധരന്റെ പേരിലാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. മുഖ്യമന്ത്രി ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്. പാലക്കാട് വിജിലന്‍സ് സി.ഐ. കെ.വിജയകുമാര്‍ നടത്തിയ അന്വേഷണത്തിനിടെയിലാണ് താന്‍ ഇങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നും തന്റെപേരില്‍ മറ്റാരോ നല്‍കിയതാണെന്നും ശശിധരന്‍ മൊഴി നല്‍കിയത്.

പരാതിക്കാരനില്ലെങ്കിലും പരാതിയില്‍പ്പറയുന്ന കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിയമനങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്.

യോഗ്യതാപരിശോധന, എഴുത്തുപരീക്ഷ, നൈപുണ്യപരീക്ഷ, അഭിമുഖം എന്നിവ നടത്തിയിട്ടുണ്ട്. എന്നാല്‍, പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
മറ്റ് ആരോപണങ്ങളിലും കഴന്പില്ലെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

 

 




MathrubhumiMatrimonial