Crime News

സുനീറിന്റെ മരണം: അഞ്ച് സുഹൃത്തുക്കള്‍ അറസ്റ്റില്‍

Posted on: 26 May 2015


വണ്ടൂര്‍: ഗുണ്ടല്‍പേട്ടയില്‍ മമ്പാട് പുളിക്കലോടി സ്വദേശിയായ പുലത്ത് പുലിക്കോട്ടില്‍ സുനീര്‍ (40) മരിക്കാനിടയായ സംഭവത്തില്‍ സുഹൃത്തുക്കളായ അഞ്ചുപേരെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തു. പുളിക്കലോടി തെയ്യത്തുകുന്ന് കുണ്ടുകുളി അബൂബക്കര്‍ (43), കാട്ടുമുണ്ട തറമ്മല്‍ അഷ്‌റഫ് ബിന്‍ സുലൈമാന്‍ (38), സേലം അമ്മപാളയം ഷെയ്ഖ് ഇനായത്തുല്ല (32), വണ്ടൂര്‍ കുന്നുമ്മല്‍ അഷ്‌റഫ് (40), വണ്ടൂര്‍ കടവത്ത് ജുനൈസ്ബാബു (36) എന്നിവരെയാണ് ഗുണ്ടല്‍പേട്ട സി.ഐ സി.വി. പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യബസ്സില്‍ കണ്ടക്ടറായിരുന്ന സുനീറില്‍നിന്ന് മുഖ്യപ്രതി അബൂബക്കര്‍ കടംവാങ്ങിയ പണം തിരികെനല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെയുണ്ടായ അപകടമാണ് മരണത്തില്‍ കലാശിച്ചെതെന്ന് പോലീസ് പറഞ്ഞു.

സംഭവംസംബന്ധിച്ച് ഗുണ്ടല്‍പേട്ട പോലീസ് പറയുന്നത്: മാസങ്ങള്‍ക്കുമുന്‍പ് മുഖ്യപ്രതിയായ അബൂബക്കര്‍ സുനീറില്‍നിന്ന് 55,000 രൂപ കടംവാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് സഹോദരിയുടെ മകളുടെ വിവാഹത്തിനായി സുനീര്‍ പണം തിരികെചോദിച്ചു. എന്നാല്‍ അവധികള്‍ പലതുംപറഞ്ഞ് അബൂബക്കര്‍ പണംനല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച പണം ഗുണ്ടല്‍പേട്ടയില്‍വെച്ച് നല്‍കാമെന്നുപറഞ്ഞ് അബൂബക്കറും സുഹൃത്ത് തറമ്മല്‍ അഷ്‌റഫും കൂടി സുനീറിനെ കൂട്ടിക്കൊണ്ടുപോയി. അവിടെ മറ്റു പ്രതികളുടെ സാന്നിധ്യത്തിലുണ്ടായ തര്‍ക്കം ൈകയാങ്കളിയിലേക്കുനീങ്ങി. ഇതിനിടെയുണ്ടായ തള്ളലില്‍ ഹോട്ടലിന്റെ ചവിട്ടുപടിയില്‍ തലയടിച്ചുവീണ സുനീറിന് ഗുരുതരമായി പരിക്കേറ്റു. മൈസൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ സുനീര്‍ മരിച്ചു.

അപകടസ്ഥലത്തുനിന്നും ആസ്പത്രിയില്‍നിന്നും മുങ്ങിയ പ്രതികളെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനീറിന്റെ സഹോദരീപുത്രിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ടല്‍പേട്ട സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരായ പുട്ടരാജ്, അന്‍സാറലി, കുമാര്‍, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് സി.ഐയോടൊപ്പം കേസന്വേഷിച്ചത്. ഗുണ്ടല്‍പേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

 

 




MathrubhumiMatrimonial