Crime News

കല്ലടി കോളേജിലെ റാഗിങ്: എട്ടാം പ്രതിയും കീഴടങ്ങി

Posted on: 26 May 2015


മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി തിങ്കളാഴ്ച മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി ഒരാളെക്കൂടി പിടികിട്ടാനുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താഴേക്കോട് പറങ്കാടന്‍ ഹൗസിലെ അബ്ദുള്‍ നഹീമാണ് (18) രക്ഷിതാക്കള്‍ക്കൊപ്പമെത്തി അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങിയത്. കേസിലെ എട്ടാംപ്രതിയാണ് അബ്ദുള്‍ നഹീം. എസ്.ഐ. ബഷീര്‍ സി. ചിറയ്ക്കല്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മെയ് 14നാണ് കല്ലടി കോളേജില്‍ പരീക്ഷയെഴുതാനെത്തി തിരിച്ചുവരികയായിരുന്ന മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ഥി വിഷ്ണു റാഗിങ്ങിന് വിധേയനായത്. സംഘത്തിന്റെ ആക്രമണത്തില്‍ വിഷ്ണുവിന്റെ ഇരുകര്‍ണപുടങ്ങളും പൊട്ടിയിരുന്നു. ബുധനാഴ്ച വിദഗ്ധചികിത്സക്കായി വിഷ്ണുവിനെ പൊള്ളാച്ചിയിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ഒമ്പതാംപ്രതി വാഴേമ്പുറം സ്വദേശി ഷിബില്‍ ഷറഫുദ്ദീനാണ് (20) ഇനി അറസ്റ്റിലാകാനുള്ളത്.



 

 




MathrubhumiMatrimonial