Crime News

നുണയറിയാന്‍ പലവഴികള്‍; തര്‍ക്കം വിശ്വാസ്യതയെച്ചൊല്ലി

Posted on: 26 May 2015

എം. ബഷീര്‍





തിരുവനന്തപുരം:
കുറ്റാന്വേഷണസംഘങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നിരവധി ശാസ്ത്രീയ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും തര്‍ക്കമുണ്ടാകുന്നത് അവയുടെ വിശ്വാസ്യതയെച്ചൊല്ലിയാണ്. പോളിഗ്രാഫ് ടെസ്റ്റും നാര്‍ക്കോ അനാലിസിസും ബ്രെയിന്‍ മാപ്പിങ്ങുമൊക്കെ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകളാണെങ്കിലും അവ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. നുണപരിശോധനയുടെ വിശ്വാസ്യത സംബന്ധിച്ചും കൃത്യത സംബന്ധിച്ചും ലോകത്താകമാനം വിരുദ്ധാഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ശരീരത്തില്‍ സെന്‍സറുകള്‍ പോലുള്ള ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇലക്ട്രോണിക് യന്ത്രത്തിന്റെ സഹായത്തോടെ നടത്തുന്ന ശാസ്ത്രീയപരിശോധനയാണ് നുണപരിശോധന. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന പേപ്പറില്‍ ഗ്രാഫായി പകര്‍ത്തുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്, അയാളിലുണ്ടാകുന്ന വിവിധ വികാരങ്ങള്‍, വിയര്‍ക്കലിന്റെ തോത് തുടങ്ങിയവയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പറയുന്നത് കളവാണോ അല്ലയോ എന്ന നിഗമനത്തില്‍ വിദഗ്ദ്ധര്‍ എത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പരിശോധനയ്ക്ക് വിധേയനാകുന്നയാളിന്റെ കൈകാലുകളുടെ ചലനവും പരിഗണിച്ചേക്കും.

പരിശോധനക്ക് മുന്നോടിയായി പരിശോധകന്‍ മൂന്നോ നാലോ സാധാരണ ചോദ്യങ്ങള്‍ ഒരു ട്രയല്‍ എന്ന രീതിയില്‍ ചോദിച്ചേക്കാം. തുടര്‍ന്നാണ് നുണപരിശോധനയ്ക്ക് വിധേയനാകുന്നയാളോട് യഥാര്‍ത്ഥ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഉടനീളമുള്ള സിഗ്നലുകള്‍ യന്ത്രസഹായത്താല്‍ രേഖപ്പെടുത്തുന്നു. ഈ ഗ്രാഫാണ് പിന്നീട് വിശദമായി പരിശോധിച്ച് നിഗമനത്തിലേക്ക് എത്തുന്നത്.
1921-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ജോണ്‍ അഗസ്റ്റസ് ലാര്‍സണാണ് നുണ പരിശോധനാ സംവിധാനത്തിന്റെ ആദ്യരൂപം കണ്ടുപിടിച്ചത്. പിന്നീട് കാലാകാലങ്ങളില്‍ ഈ രംഗത്തും പുതിയ കണ്ടുപിടിത്തങ്ങളുണ്ടാവുകയും കൂടുതല്‍ കൃത്യതയോടെ പരിശോധനാഫലം ലഭിക്കുന്ന സംവിധാനങ്ങള്‍ വരികയും ചെയ്തു.

അപ്പോഴും ഇവയുടെ കൃത്യത സംബന്ധിച്ചും വിശ്വാസ്യത സംബന്ധിച്ചും ലോകത്തെമ്പാടും ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ തുടങ്ങിയവയൊക്കെ നുണപരിശോധനാ സംവിധാനങ്ങളുടെ വിശ്വാസ്യതയെയും മറ്റും ചോദ്യം ചെയ്ത് നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു ശാസ്ത്രീയരീതിയാണ് നാര്‍ക്കോ അനാലിസിസ്. വ്യക്തികളില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന ചില മരുന്നുകള്‍ കുത്തിവെച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ശാസ്ത്രീയമായ പരിശോധനയാണിത്. ചോദ്യങ്ങള്‍ക്കെല്ലാം നിയന്ത്രണമില്ലാത്ത രീതിയില്‍ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക തരത്തില്‍ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ കഴിയുന്ന മരുന്നുകളാണ് കുത്തിവെയ്ക്കുന്നത്.

ഉറക്കത്തിനും മയക്കത്തിനും ഇടയിലുള്ള ഒരവസ്ഥയിലേക്ക് വ്യക്തികളെ എത്തിച്ച് അവരില്‍നിന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ചെയ്യുന്നത്. തികച്ചും സൂക്ഷ്മതയോടെ നടത്തേണ്ട ഈ പരിശോധനയിലും പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമെന്ന് ഉറപ്പിക്കാനാകില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെയിന്‍ മാപ്പിങ്ങും കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന ശാസ്ത്രീയരീതികളിലൊന്നാണ്. ഒരാള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും മറ്റുമായി അയാളില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും തുടര്‍ന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാട്ടുകയും ശബ്ദം കേള്‍പ്പിക്കുകയും ചെയ്ത് അയാളുടെ തലച്ചോറിലെ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച് നിഗമനത്തിലെത്തുകയും ചെയ്യുന്ന രീതിയാണിത്. ഈ പരിശോധനാരീതിക്ക് മുന്നോടിയായി ചില ചോദ്യങ്ങള്‍ ചോദിച്ചശേഷമാകും പരിശോധന നടത്തുക. ബ്രെയിന്‍മാപ്പിങ് നടത്തുമ്പോള്‍ അതിന് വിധേയമാകുന്ന ആളോട് ചോദ്യങ്ങളൊന്നും ചോദിക്കില്ല. നുണ പരിശോധനയും, നാര്‍ക്കോ അനാലിസിസും ഉള്‍പ്പെടെയുള്ള പരിശോധനാരീതികള്‍ കേരളത്തിലെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നടത്തിയിട്ടുമുണ്ട്.

 

 




MathrubhumiMatrimonial