Crime News

കൊച്ചിയില്‍ നിശാവിരുന്നിനിടെ റഷ്യന്‍ ഗായകന്‍ അറസ്റ്റില്‍

Posted on: 25 May 2015




കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിശാപാര്‍ട്ടിക്കിടെ നടന്ന പോലീസ് റെയ്ഡില്‍ മയക്കുമരുന്നുമായി പിടിയിലായവരില്‍ സൈക്കോവ്‌സ്‌കി എന്നറിയപ്പെടുന്ന പ്രമുഖ റഷ്യന്‍ ഗായകന്‍ വാസ്‌ലി മാര്‍ക്കലോവോയും. ശനിയാഴ്ച അര്‍ദ്ധരാത്രി ലെ മെറീഡിയന്‍ ഹോട്ടലില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് സൈക്കോവ്‌സ്‌കി ഉള്‍പ്പെടെ ഏഴ് പേരെ മയക്കുമരുന്നുകളുമായി പോലീസ് പിടികൂടിയത്.

ഇയാളുടെ പക്കല്‍ നിന്ന് 57 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. 'അഡ്വഞ്ചര്‍ വണ്‍' എന്ന പേരില്‍ ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന മയക്കുമരുന്നില്‍ ഹാഷിഷ്, കീറ്റമിന്‍, മരിജുവാന എന്നിവയുടെ സാന്നിദ്ധ്യമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. 'റഷ്യന്‍ സീക്രട്ട്' എന്നറിയപ്പെടുന്ന ഈ മയക്കുമരുന്ന് വിദഗ്ധ പരിശോധനയ്ക്കായി കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടിയിലേക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരില്‍ നിന്ന് 'റേപ്പ് ഡ്രഗ്' എന്നറിയപ്പെടുന്ന കീറ്റമിനും പിടികൂടിയിട്ടുണ്ട്. ഇത് മൂന്നര ഗ്രാമുണ്ട്.

മയക്കുമരുന്ന് കൈവശം വെച്ചതിന് വൈറ്റില തട്ടശ്ശേരി വീട്ടില്‍ സെബാസ്റ്റ്യന്‍ (24), മരട് കമ്പിളിതുണ്ടിപ്പറമ്പില്‍ വിനു (24), കോട്ടയം സെഞ്ച്വറി ടവേഴ്‌സില്‍ സുമീത് എസ്. പൈ (24), കോട്ടയം കൂേരാപ്പട ഐശ്വര്യയില്‍ രാഹുല്‍ പ്രതാപ് (20), തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ചാരുതയില്‍ ഗൗതം (25), തൃശ്ശൂര്‍ പറയന്‍ പറമ്പില്‍ സഫല്‍ (22) എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നുകള്‍ കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈക്കോവ്‌സ്‌ക്കിക്കെതിരെ മയക്കുമരുന്ന് കേസിനു പുറമേ ഫോറിനേഴ്‌സ് ആക്ട് ലംഘനത്തിനുള്ള കേസും ചുമത്തി. ഞായറാഴ്ച രാത്രിയോടെ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു. ബെംഗളുരു കേന്ദ്രമാക്കി മലയാളികള്‍ നടത്തിയിരുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമാണ് ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിച്ചത്. മരട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. വൈകീട്ട് മുതല്‍ ഹോട്ടലിനകത്തും പുറത്തും ഷാഡോ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. 11 മണിയോടെ ഡിസിപിയും സംഘവും റെയ്ഡ് തുടങ്ങി. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ വിദേശ വനിതകളടക്കം ഇരുനൂറോളം പേരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാല് വരെ നീണ്ട റെയ്ഡില്‍ ഹില്‍പ്പാലസ് സി.ഐ. ബൈജു പൗലോസ്, ഷാഡോ എസ്.ഐ. എ. അനന്തലാല്‍, എറണാകുളം സൗത്ത് എസ്.ഐ. വി. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

 

 




MathrubhumiMatrimonial