
വിനോദയാത്രയ്ക്കിടെ യുവാവ് മൈസൂരുവില്‍ മരിച്ചു അഞ്ചുപേര്‍ കസ്റ്റഡിയില്‍
Posted on: 24 May 2015
മരണത്തില്‍ ദുരൂഹത
കസ്റ്റഡിയിലായവരില്‍ സുഹൃത്തുക്കളും
കസ്റ്റഡിയിലായവരില്‍ സുഹൃത്തുക്കളും
വണ്ടൂര്‍: മൈസൂരുവിലേക്ക് വിനോദയാത്രപോയ സംഘത്തിലെ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മമ്പാട് പുളിക്കലോടിയിലെ പുലത്ത് പുലിക്കോട്ടില്‍ സുനീ റാണ്(40) കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മരിച്ചത്. മൈസൂരുവിലെ ഗുണ്ടല്‍പേട്ടയില്‍വെച്ചാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സുഹൃത്തുക്കളടക്കം അഞ്ചുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
സുനീറിനൊപ്പമുണ്ടായിരുന്ന പുളിക്കലോടി കാട്ടുമുണ്ട സ്വദേശികളെയും രണ്ട് വണ്ടൂരുകാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പോലീസ് വണ്ടൂരിലെത്തിയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
ഗുണ്ടല്‍പേട്ടയില്‍വെച്ച് സുനീറിന് പരിക്കേല്‍ക്കാനിടയായ സാഹചര്യം ദുരൂഹമായി തുടരുകയാണ്. സംഭവത്തില്‍ വിനോദയാത്രാസംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാലുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുനീറുള്‍പ്പെട്ട മൂന്നംഗസംഘം മൈസൂരുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗുണ്ടല്‍പേട്ടയിലെ ഹോട്ടല്‍ കെട്ടിടത്തില്‍നിന്നുവീണ് സുനീറിന് പരിക്കേറ്റെന്ന വിവരം വീട്ടുകാര്‍ ഫോണ്‍വഴി അറിയുന്നത്. ബന്ധുക്കള്‍ ഇയാളെ പ്രവേശിപ്പിച്ച മൈസൂരുവിലെ സ്വകാര്യ ആസ്പത്രിയിലെത്തുമ്പോഴാണ് പരിക്കുസംബന്ധിച്ച് സംശയമുണ്ടാകുന്നത്.
കൂടെയുള്ളവരും സംഭവംസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍പറയാത്തത് ബന്ധുക്കളില്‍ കൂടുതല്‍ സംശയമുളവാക്കി. ബഹളംകേട്ട് ഓടിയെത്തുമ്പോള്‍ സുനീര്‍ ഹോട്ടലിനുസമീപം വീണുകിടക്കുന്നതാണ് തങ്ങള്‍ കണ്ടതെന്നാണ് ഇവര്‍ പറയുന്നത്. ഹോട്ടലില്‍വെച്ച് സുനീറും മറ്റുചിലരുമായി വാക്തര്‍ക്കവും കൈയാങ്കളിയും നടന്നതായി പറയപ്പെടുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വണ്ടൂര്‍ സ്വദേശികളുള്‍പ്പെടെയുള്ള നാലുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫുട്‌ബോള്‍ മത്സരത്തിനിടെ സുഹൃത്തുവഴി ഫോണില്‍ വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്ച രാത്രി കര്‍ണാടക പോലീസ് രണ്ടുപേരെ വണ്ടൂരില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. സംഭവത്തിലെ മുഖ്യകണ്ണി സേലം സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇയാളെ മേലാറ്റൂരിലെ ഭാര്യവീട്ടില്‍നിന്നാണ് കര്‍ണാകട പോലീസ് കസ്റ്റഡിയിലെടുത്തത്.
സക്കീനയാണ് സുനീറിന്റെ ഭാര്യ. മക്കള്‍: ഹര്‍ഷക്, ഹന്‍ഷ, ഫിനു.
