
രാജ്യന്തര നിലവാരത്തില്‍ ഒരു എയ്ഡഡ് സ്‌കൂള്‍
Posted on: 23 May 2015
ജീവ് ടോം മാത്യു

ബ്ലാക്ക് ബോര്‍ഡിനും ചൊക്കിനും ഡസ്റ്ററിനുമൊക്കെ ഇനി രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വന്നാലും കാപ്പ് സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ കയറാന്‍ പറ്റില്ല. ജര്‍മ്മന്‍കാരായ മിടുമിടുക്കന്‍ വെള്ളക്കാരന്‍ ബോര്‍ഡും പ്രൊജക്ടറും ക്യാമറയുമൊക്കെ കാപ്പ് സ്‌കൂളിലെ എല്ലാ സ്മാര്‍ട്ട് ക്ലാസ് റൂമും കൈയ്യടക്കി കഴിഞ്ഞു. ഡിജിറ്റല്‍ ബോര്‍ഡും ഡിജിറ്റല്‍ ചോക്കും. വിഡിയോയും പവര്‍ പോയിന്റ് പ്രസന്റേഷനുമൊക്കെയാകും മുട്ടയില്‍ നിന്ന് വിരിയുന്ന പ്രായത്തിലെ കുട്ടികളെ തേടി എത്തുക. പുസ്തകങ്ങള്‍ വേണ്ട. എല്ലാം കണ്ടും കേട്ടും പഠിക്കാം.

ഇതു കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസുഖം വന്ന് കിടപ്പിലായാലും പ്രശ്‌നമില്ല. രക്ഷിതാക്കളുടെ മൊബൈലിലോ ലാപ്‌ടോപ്പിലോ ഇന്റനെറ്റ് സംവിധാനം ഉണ്ടെങ്കില്‍ എവിടെ കിടന്നും ലൈവായി പഠിക്കാം. ഇനി ക്ലാസില്‍ പോകാതെ മുങ്ങി നടക്കാമെന്നൊന്നും കരുതേണ്ട. രക്ഷിതാക്കള്‍ക്ക് ക്ലാസ് റൂം നിരന്തരം നിരീക്ഷിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യവും തയ്യാറായിട്ടുണ്ട്. ബഞ്ചും ഡസ്‌കുമൊക്കെ ഉടന്‍ അപ്രത്യക്ഷമാകും. വച്ചെഴുത്ത് സഹായിയുള്ള ജഫേഴ്‌സണ്‍ ചെയറുകള്‍ ക്ലാസ് റൂമില്‍ നിരക്കും..
അധ്യാപകര്‍ക്കെല്ലാം ലാപ്‌ടോപ് വാങ്ങി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ചുമരുകളിലെല്ലാ ചിത്രപണികള്‍ ഒരുക്കിയിരിക്കുന്നു. ടൈല്‍സിട്ട് ക്ലാസ് മുറികള്‍ മനോഹരമാക്കി.ഒരു ക്ലാസ് മുറി പരമാവധി പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. ഇനി സ്‌കൂളിലേക്ക് വരാനും മടിക്കേണ്ട. എസി വിഡോയ കോച്ചും വിദ്യാര്‍ഥികള്‍ക്കായി തയ്യാര്‍. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ വിധു ഏറെക്കാലം ലോകബാങ്ക് സഹായത്തോടെ ആഫ്രിക്കയില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ഈ അറിവുകളാണ് സ്മാര്‍ട്ട് സ്‌കൂളിന്റെ രൂപീകരണത്തില്‍ സഹായകമായതെന്ന് വിധു പറയുന്നു.
