
ജഡ്ജിയും വക്കീലും വേണ്ട: ഇത് കാവനൂരിന്റെ 'കോടതി'
Posted on: 23 May 2015
ടി.സോമന്‍

കാവനൂര്‍ (മലപ്പുറം): ഇത് ഒരു കേസ് തീര്‍പ്പാണ്. പക്ഷേ, ഇവിടെ കോടതിയില്ല. ജഡ്ജിയും അഭിഭാഷകരുമില്ല; സാക്ഷിക്കൂടും പ്രതിക്കൂടുമില്ല.
മലപ്പുറം കാവനൂര്‍ ചെരങ്ങാക്കുണ്ടിലെ കാമ്പുറം ഖദീജ അവിടെ നില്‍ക്കുകയാണ്. അടുക്കളയ്ക്കപ്പുറമുള്ള ലോകം അധികം കണ്ടിട്ടില്ല. പക്ഷേ, ബാപ്പയുടെ സഹോദരന്റെ മകന്‍ അബൂബക്കര്‍ ഖദീജയുടെ കൈവശമുള്ള സ്ഥലത്തിന് അവകാശവാദവുമായി വന്നപ്പോള്‍ എതിര്‍ത്തു. ഇസ്ലാം നിയമപ്രകാരം ആണ്‍മക്കളില്ലാത്ത ഒരാളുടെ സ്വത്തില്‍ സഹോദരന് അവകാശമുണ്ട്. ഖദീജയുടെ ബാപ്പയ്ക്ക് ആണ്‍കുട്ടികളില്ലെന്നതാണ് അബൂബക്കറിന്റെ വാദത്തിനടിസ്ഥാനം. ആവശ്യം ഖദീജ നിഷേധിച്ചതോെട നാട്ടിലെ ജനകീയസമിതിക്ക് അബൂബക്കര്‍ പരാതി നല്‍കി.
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പരാതി പരിഗണിക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും നാട്ടുപ്രമാണിമാരും അടങ്ങിയതാണ് സമിതി.
അധ്യക്ഷന്‍ ഖദീജയെ മുന്നോട്ടേക്ക് വിളിച്ചു. ''ഓന്‍ കൊളാക്കാണച്ചാല്‍ കൊളം തന്ന്യാ'' - എന്നും പറഞ്ഞ് ഒരു കുതിപ്പ് . ക്രമമല്ലാത്ത ചിന്തകള്‍ ഗ്രാമ്യഭാഷയിലെ വാക്കുകളായി ശരം പോലെ ചീറി വന്നു. ആരോ പറഞ്ഞു, - ''മെല്ലെ പറയൂ''. സ്ഥലം കൊടുക്കാന്‍ പറ്റില്ലെന്നു ഖദീജ ശഠിച്ചു. കാര്യങ്ങള്‍ പഠിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എ. മധുസൂദനന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ ഇടപെട്ടപ്പോള്‍ 20 സെന്റ് അബൂബക്കറിന് കൊടുക്കാമെന്നു ഖദീജ സമ്മതിച്ചു. യോഗം ൈകയടിച്ചംഗീകരിച്ചു. ഖദീജയുടെയും അബൂബക്കറിന്റെയും മുഖത്ത് സന്തോഷം.
കാവനൂര്‍ വില്ലേജിലെ ജനകീയസമിതി യോഗത്തിലാണ് ഈ തീര്‍പ്പ്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള സമിതി പുതിയ കാലത്തിന്റെ ജനകീയ നാട്ടുകൂട്ടമാണ്. 2009 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് മുടങ്ങാതെ ഓരോ മാസവും യോഗവും. ഇതിനകം ലഭിച്ച 185 പരാതികളില്‍ 178 എണ്ണത്തിനും പരിഹാരം കണ്ടു.
![]() |
മലപ്പുറം കാവനൂരിലെ വ്യാപാരഭവനില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ ഒരു പരാതിക്കാരന്‍ പ്രശ്‌നം അവതരിപ്പിക്കുന്നു. |
സ്വത്തുതര്‍ക്കം, വഴി പ്രശ്‌നം, അടിപിടി കുടുംബ പ്രശ്‌നം എന്നിവയ്‌ക്കെല്ലാം പരിഹാരമായിട്ടുണ്ട്. വില്ലേജ് ഓഫീസില്‍ ആര്‍ക്കും പരാതി നല്‍കാം. പ്രാഥമികാന്വേഷണം അവര്‍ നടത്തും. പിന്നീട് പരാതിക്കാരനെയും എതിര്‍കക്ഷിയെയും സമിതിക്ക് മുമ്പാകെ വരാന്‍ ആവശ്യപ്പെടും. ആ യോഗത്തില്‍ തന്നെ ഒരു പരിഹാരത്തിനു പരമാവധി ശ്രമിക്കും. ഇല്ലെങ്കില്‍ വിഷയം കൂടുതല്‍ പഠിക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തും. അവര്‍ കണ്ടെത്തുന്ന പരിഹാരം ഇരുകൂട്ടരും അനുസരിക്കുകയാണ് പതിവ്.
ആലപ്പുഴയിലെ ചെറിയനാട് പഞ്ചായത്ത് 2008 നവംബറില്‍ വ്യവഹാരരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഭരണമാറ്റമുണ്ടായപ്പോള്‍ പഞ്ചായത്ത് കോടതി ഇല്ലാതായി. എല്ലാ വില്ലേജ് ഓഫീസുകളിലും ഇത്തരം ജനകീയ സമിതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഹിമാചല്‍പ്രദേശില്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ പഞ്ചായത്തിന് കൈമാറുന്ന സംവിധാനമുണ്ടെന്നുംഫലപ്രദമായ സംവിധാനമാണെന്നും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ പറഞ്ഞു.
കുരുക്കിലായ ഒട്ടേറെ കേസുകള്‍ക്ക് പരിഹാരം
കാവനൂര്‍(മലപ്പുറം): സങ്കീര്‍ണമായ കേസുകളും ജനകീയ സമിതിയില്‍ ഒത്തുതീര്‍ന്നവയില്‍ പെടും.അതിലൊന്നാണ് മുണ്ടോടന്‍ തറവാട്ടിലെ സ്വത്ത് തര്‍ക്കം.
70 വര്‍ഷം മുമ്പു മരിച്ച മുണ്ടോടന്‍ അബൂബക്കറിനു പത്ത് ഏക്കറോളം സ്ഥലമുണ്ടായിരുന്നു.സ്വത്ത് ഭാഗം വെക്കാതെ കിടന്നതിനാല്‍ പിന്നീടുള്ള അവകാശികള്‍ തമ്മില്‍ തര്‍ക്കമായി.38 അവകാശികളുണ്ടായിരുന്നു. അവര്‍ തമ്മിലൊരു ധാരണയിലെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കാവനൂര്‍ വില്ലേജ് ജനകീയ സമിതിയില്‍ പ്രശ്‌നം പരാതിയായി വന്നത്.
അന്നത്തെ വില്ലേജ് ഓഫീസര്‍ എം.മുകുന്ദനാണ് കാവനൂരില്‍ ജനകീയ സമിതിക്ക് തുടക്കമിട്ടത്.മൂന്നു തലമുറയിലായി കുരുങ്ങിക്കിടന്ന പ്രശ്‌നം എങ്ങനെയും പരിഹരിക്കാന്‍ മുകുന്ദന്‍ തീരുമാനിച്ചു.ഓരോ കുരുക്കുകളായി അഴിച്ചെടുത്ത് വിജയവും നേടി.അതോടെ ജനകീയ സമിതിയുടെ വിശ്വാസ്യത കൂടി.
ഇരിവേറ്റി കൊല്ലംപടിയില്‍ 60 ഓളം കുടുംബങ്ങള്‍ വഴിയില്ലാതെ വിഷമിച്ച പ്രശ്‌നവും സമിതിയില്‍ തീര്‍പ്പാക്കി.റോഡിനുള്ള വഴിക്ക് പണം വേണമെന്ന് ഉടമകള്‍ക്ക് നിര്‍ബന്ധമായിരുന്നു.ഭൂമി വാങ്ങാനുള്ള പണം ഗുണഭോക്താക്കളില്‍ നിന്നും അല്ലാതെയും സമാഹരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ഖദീജ-അബൂബക്കര്‍ പ്രശ്‌നം പരിഹരിച്ച ജനകീയ സമിതി യോഗത്തില്‍ തന്നെ കാവനൂര്‍ പഞ്ചായത്തിനെതിരെയും ഒരു പരാതി വന്നു.തന്റെ 80 സെന്റ് സ്ഥലത്തില്‍ നിന്നും താനറിയാതെ 12 സെന്റ് പഞ്ചായത്ത് റോഡിനായി എടുത്തുവെന്നാണ് എം.അബ്ദുസ്സലാം പരാതിപ്പെട്ടത്.
പഞ്ചായത്തിന്റെ നടപടി ശരിയായില്ലെന്ന് യോഗത്തില്‍ ശക്തമായ വാദമുയര്‍ന്നു.റോഡ് നിര്‍മിക്കുമ്പോള്‍ പരാതിക്കാരന്‍ എവിടെയായിരുന്നുവെന്നതായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുഹമ്മദിന്റെ മറുചോദ്യം.രേഖകള്‍ പരിശോധിക്കാതെ ഒന്നും പറയാനാവില്ലെന്ന അവസ്ഥ വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ഇടപെട്ട് സ്ഥലം വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ നാട്ടുകാരുടെ യോഗം വിളിച്ചുകൂട്ടാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.എല്ലാവരും അത് അംഗീകരിച്ചു.
കേടുവന്ന മാവിന്‍കൊമ്പ് വീടിന് മുന്നിലേക്ക് ചാഞ്ഞത് മുറിച്ചു നല്‍കണമെന്നായിരുന്നു ഇരിവേറ്റി എടക്കരക്കുന്ന് നജീബിന്റെ ആവശ്യം.എതിര്‍കക്ഷിയായ അധ്യാപികയ്ക്ക് കുറെ സ്ഥലമുണ്ട്.പറമ്പിലെ ഒരു മാവിന്റെ കൊമ്പാണ് ചാഞ്ഞുകിടക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു.സ്വന്തം നിലയ്ക്ക് മരം വെട്ടാനാണ് അധ്യാപിക നിര്‍ദ്ദേശിച്ചത്.മരക്കൊമ്പിന് താഴെക്കൂടി ത്രീഫേസ് വൈദ്യുതി ലൈന്‍ പോകുന്നതിനാല്‍ മരം മുറിക്കുന്നത് പണച്ചെലവുള്ള കാര്യമാണെന്നു നജീബ് സമിതി മുമ്പാകെ പറഞ്ഞു.
എതിര്‍കക്ഷിയായ അധ്യാപിക യോഗത്തിന് വന്നെങ്കിലും കാര്യമൊന്നും പറയാതെ ഒരു കത്ത് മാത്രം നല്‍കി മടങ്ങിയെന്ന് പ്രസിഡന്റ് അറിയിച്ചു.കത്ത് യോഗത്തില്‍ വായിച്ചു.പരാതിക്കാരന്‍ മരംവെട്ടുകാരനും മരക്കച്ചവടക്കാരനും ആയതിനാല്‍ കൊമ്പ് സ്വയം മുറിച്ചുനീക്കട്ടെയെന്നായിരുന്നു കത്തിലെ പ്രതിപാദ്യം.നജീബ് വീണ്ടും കൊമ്പ് മുറിക്കുന്നതിന്റെ പണച്ചെലവ് യോഗത്തെ അറിയിച്ചു.
സമിതിയിലെ ഒരു സംഘം സ്ഥലം സന്ദര്‍ശിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയാകും നല്ലതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.അത് എല്ലാവരും കയ്യടിച്ചു പാസ്സാക്കി.കുറച്ചു ചെലവ് നജീബും വഹിക്കേണ്ടിവരുമെന്ന സൂചന നല്‍കിയായിരുന്നു അംഗീകാരം.
വൈസ് പ്രസിഡന്റ് ലിനി ബാലന്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണീന്‍ കുട്ടി,കെ.പി.റംല,പി.സി.പത്മനാഭന്‍,വില്ലേജ് ഓഫീസര്‍ സി.സുബ്രഹ്മണ്യന്‍,എം.എല്‍.എ.യുടെ പ്രതിനിധി കാവനൂര്‍ പി.മുഹമ്മദ്,വ്യവസായി മുഹമ്മദ് ഷാ,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
