
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍
Posted on: 20 May 2015

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോട്ടയം കൊഴുവനാല്‍ കളപ്പുരയ്ക്കല്‍ വലിയപറമ്പില്‍ സുനില്‍ (കുട്ടപ്പായി - 41), കൊഴുവനാല്‍ വലിയപറമ്പില്‍ ദീപക് (24) എന്നിവരാണ് പിടിയിലായത്. ബന്ധുക്കളായ ഇവര്‍ വാടകയ്ക്ക് ബൈക്കെടുത്ത് കറങ്ങി നടന്നാണ് കവര്‍ച്ച നടത്തി വന്നത്. ഒറ്റയ്ക്കു പോകുന്ന പ്രായമായ സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന ചെല്ലുന്ന ഇവര്‍ അടുത്തു കൂടി മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയാണ് പതിവ്.
വിവിധ ജില്ലകളില്‍ നിന്ന് 20-ലേറെ പേരുടെ മാല കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായ പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയ്ക്കടുത്ത് പണ്ടപ്പിള്ളിയില്‍ പുത്തന്‍ പുരയില്‍ കൗസല്യയുടെ 5 പവന്റെ മാല ബൈക്കിലെത്തി കവര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 71 വയസ്സുള്ള കൗസല്യ വീട്ടില്‍ നിന്ന് ടൗണിലേക്കു പോകാന്‍ ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്നു. വീട്ടില്‍ നിന്ന് ഒന്നര കിലോ മീറ്ററോളം ദൂരമുണ്ട് പണ്ടപ്പിള്ളിയിലേക്ക്. പണ്ടപ്പിള്ളി അക്വഡക്ടിനു സമീപം െവച്ച് എതിരെ ബൈക്കില്‍ വന്ന സംഘം ആദ്യം കൗസല്യയെ മറികടന്നു പോയി. കുറച്ചുദൂരം ചെന്ന ശേഷം തിരിച്ചുവന്നു. പിറകില്‍ നിന്ന് സംഘത്തിലെ ഒരാള്‍ ഇവരെ തള്ളി വീഴ്ത്തി. ഇതിനിടയില്‍ മാല പൊട്ടിച്ചെടുക്കുകയും മര്‍ദിക്കുകയും ചെയ്തു. ഉച്ചത്തില്‍ കരഞ്ഞെങ്കിലും രാവിലെ ആയിരുന്നതിനാല്‍ ആരും വഴിയിലില്ലായിരുന്നു. ഇതിനിടെ മോഷ്ടാക്കള്‍ മാലയുമായി കടന്നു. യാദൃച്ഛികമായി ബൈക്കിലെത്തിയ മകന്‍ പ്രസാദാണ് വീണു കിടന്ന കൗസല്യയെ കണ്ടതും ആസ്പത്രിയിലെത്തിച്ചതും. സംഭവ സ്ഥലത്തു െവച്ചുതന്നെ മൂവാറ്റുപുഴ പോലീസിനെ വിവരം അറിയിച്ചു.
രാമപുരം വെളിയന്നൂര്‍ കുഴിക്കുന്നേല്‍ പാറുക്കുട്ടിയമ്മയുടെ ഒരു പവന്റെയും തോട്ടുകുളയാനിയില്‍ ഏലിയാമ്മയുടെ 3 പവന്റെയും കിടങ്ങൂര്‍ പ്ലാത്തൊട്ടിയില്‍ ത്രേസ്യാമ്മയുടെ 5.5 പവന്റെയും കറുകശ്ശേരില്‍ മേരിയുടെ 2 പവന്റെയും മാല കവര്‍ന്നത് ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. പാലക്കുഴ മാന്താനത്ത് സാവിത്രി (1.5 പവന്‍), കിഴകൊമ്പ് കുഴിയാനിക്കല്‍ ശാരദ (2), വടകര അമ്മുക്കുട്ടിയമ്മ (1.5), പുതുവേലില്‍ പുതുക്കുന്നേല്‍ വത്സമ്മ (4), കൂത്താട്ടുകുളം ഓണക്കൂര്‍ വലിയവിരിപ്പില്‍ കമലാക്ഷി (2) തുടങ്ങി നിരവധി പേരുടെ മാലയും ആഭരണങ്ങളും ഇവര്‍ കവര്‍ന്നിട്ടുണ്ട്.
ജൂനിയര്‍ എസ്‌ഐ പ്രജീഷ് പി.ഡി., എസ്‌ഐഎ കെ. വിജയന്‍, എഎസ്‌ഐ ജോര്‍ജ് ജോസഫ്, സിപിഒ മാരായ കെ.കെ. രാജേഷ്, വി.സി. ജോണ്‍, കെ.എം. സലിം, ചന്ദ്രബോസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
