Crime News

ഡ്രൈവര്‍ അടിയേറ്റ് മരിച്ച കേസ്: പ്രതിക്ക് 5 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

Posted on: 20 May 2015


കൊല്ലം: ജീപ്പ് ഡ്രൈവര്‍ അടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഇട്ടിവ വില്ലേജില്‍ ചരിപ്പറമ്പ് മുറിയില്‍ രേഖ മന്ദിരത്തില്‍ രാജീവി(35)ന് 5 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി6 ജഡ്ജി കെ.എസ്.ശരത്ചന്ദ്രന്‍ ഉത്തരവായി.

ചരിപ്പറമ്പ് ജങ്ഷനില്‍ ജീപ്പ് ഡ്രൈവര്‍ ആയിരുന്ന ഇട്ടിവ ?, ചരിപ്പറമ്പ് രാജു വിലാസത്തില്‍ വിജയന്‍ പിള്ള(27)യെ കൊലപ്പെടുത്തിയ കേസിലാണ് കോടതിവിധി. പിഴത്തുകയായ ഒരുലക്ഷം രൂപ വിജയന്‍ പിള്ളയുടെ സഹോദരന്‍ മോഹനന് നല്‍കണമെന്നും പ്രതി പിഴയൊടുക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

2004 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓട്ടംപോയതിന്‍റെ കൂലി നല്‍കാതിരുന്നതിന് രാജീവിന്റെ റബ്ബര്‍ വെട്ടുന്ന കത്തി വിജയന്‍ പിള്ള എടുത്തുവച്ചതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ എത്തിയത്. അന്ന് വൈകിട്ട് ചരിപ്പറമ്പ് പബ്‌ളിക് റോഡില്‍വച്ച് മരക്കൊമ്പുകൊണ്ട് വിജയന്‍ പിള്ളയുടെ തലയില്‍ അടിക്കുകയായിരുന്നു. തലച്ചോറിന് ക്ഷതം സംഭവിച്ച വിജയന്‍ പിള്ളയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍.അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി. എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial