Crime News

42 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

Posted on: 19 May 2015


മട്ടന്നൂര്‍: ബസ്സില്‍ കടത്തുകയായിരുന്ന 42 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികളെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സാംഗ്ലി ജില്ലയില്‍പ്പെട്ട കൊത്താലിയിലെ വിശാല്‍നാഥ് സാവന്ത് (23), ദീപക് ജാബിര്‍ (31) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ എസ്.ഐ. കെ.രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ബസ്സ്റ്റാന്‍ഡിനുസമീപത്ത് വാഹനപരിശോധന നടത്തവെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. െബംഗളൂരുവില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സില്‍നിന്ന് ഇറങ്ങിയ ഇവരില്‍നിന്ന് മതിയായ രേഖകളില്ലാത്ത 42 ലക്ഷം രൂപ പിടിച്ചെടുത്തു. പണം െബംഗ്ലൂരില്‍നിന്ന് കൊണ്ടുവരുന്നതാണെന്നും തലശ്ശേരിയിലെ ജ്വല്ലറി ഉടമയ്ക്ക് കൈമാറാനാണെന്നുമാണ് ഇവര്‍ പറഞ്ഞത്. 500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ ബാഗിലും ശരീരത്തില്‍ കെട്ടിവെച്ചനിലയിലുമാണ് ഉണ്ടായിരുന്നത്.

ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.വി.പ്രകാശന്‍, ഒ.വി.മുനീര്‍, ഡ്രൈവര്‍ നിസാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial