goodnews head

സ്വയംതൊഴില്‍, ജീവകാരുണ്യം; ഇത് വീട്ടമ്മമാരുടെ കൂട്ടായ്മ

Posted on: 16 May 2015

പി.വി. സനില്‍കുമാര്‍




സ്വയം തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് നിരാലംബരായ കുടുംബത്തെ സഹായിക്കാനായി മാറ്റിവെച്ച് മാതൃകയാവുകയാണ് ചെറുവണ്ണൂരിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. ഫാബ്രിക് പെയിന്റ് ചെയ്ത തുണിത്തരങ്ങള്‍ക്ക് ആഭ്യന്തര, വിദേശ വിപണി കണ്ടെത്തിയ അമൃതവര്‍ഷിണി സ്വയംസഹായ സംഘത്തിലെ 14 വീട്ടമ്മമാരാണ് കിട്ടുന്ന വരുമാനം പങ്കിട്ട് സാധുകുടുംബത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

കുണ്ടായിത്തോട് കൊല്ലേരിപ്പാറയില്‍ പ്രായാധിക്യവും രോഗങ്ങളും കാരണം ബുദ്ധിമുട്ടുന്ന ജയധര്‍മനും വിലാസിനിക്കുമാണ് ഇവര്‍ തണലായി മാറിയിരിക്കുന്നത്. ഇവര്‍ക്ക് മക്കളില്ല. മാസംതോറും ഭക്ഷണസാധനങ്ങളും മരുന്നിനും അത്യാവശ്യചെലവുകള്‍ക്കുമുള്ള തുകയുമാണ് സംഘാംഗങ്ങള്‍ എത്തിക്കുന്നത്. മാസത്തിലൊരിക്കല്‍ സഹായവുമായി സംഘാംഗങ്ങള്‍ വീട്ടിലെത്തും. സാമ്പത്തികസഹായത്തേക്കാളും സംഘാംഗങ്ങളുടെ വീട് സന്ദര്‍ശനവും അവിടെ ചെലവഴിക്കുന്ന സമയവുമാണ് ദമ്പതികള്‍ക്ക് ഏറെ ആശ്വാസമാകുന്നതെന്ന് പ്രസിഡന്റ് എസ്. ഷര്‍മിള പറയുന്നു.

2013 മാര്‍ച്ച് എട്ടിനാണ് അമൃതവര്‍ഷിണിയുടെ തുടക്കം. മാതാ അമൃതാനന്ദമയീമഠം വള്ളിക്കാവിലെ അമ്മച്ചി ലാബ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നല്‍കിയ ഫാബ്രിക് പെയിന്റിങ് പരിശീലനമാണ് ഈ വീട്ടമ്മമാരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇവരിപ്പോള്‍ ജോലിചെയ്ത് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് സാധു കുടുംബത്തെക്കൂടി സഹായിക്കാന്‍ ചെലവഴിക്കുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്.

സ്വന്തമായി രൂപകല്പന ചെയ്യുന്ന ഫാബ്രിക് വസ്ത്രങ്ങളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. ഇറ്റലി, ഇംഗ്ലണ്ട്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനകംതന്നെ ഇവര്‍ വസ്ത്രങ്ങള്‍ അയച്ചുകഴിഞ്ഞു. ഇതിനൊപ്പം ആഭ്യന്തരവിപണിയിലും ആവശ്യക്കാരേറെയുള്ളതായി സെക്രട്ടറി പി.പി. ഷീജ പറഞ്ഞു. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് തുണിത്തരങ്ങള്‍ രൂപകല്പന ചെയ്യുന്നതിനാല്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന പ്രശ്‌നവും നേരിടേണ്ടിവരാറില്ല. തുണിയുടെ നിലവാരം, ഡിസൈന്‍, തുന്നല്‍, പാറ്റേണ്‍, നിറ അനുപാതം എന്നിവ ആവശ്യക്കാരുമായി ചര്‍ച്ചചെയ്താണ് തീരുമാനിക്കുക. വിദേശവിപണിയിലെ ആവശ്യക്കാരുമായി സ്‌കൈപ്പ്, ഇമെയിലിലൂടെയാണ് ബന്ധപ്പെടുക. പണി പൂര്‍ത്തിയായാല്‍ ഇവര്‍ കൊറിയര്‍കമ്പനികള്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിക്കും.

ആവശ്യക്കാര്‍ ഏറിയതോടെ ചെറുകിട വ്യവസായ യൂണിറ്റായി രജിസ്റ്റര്‍ചെയ്ത് കയറ്റുമതി ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് സംഘാംഗങ്ങള്‍. ഇതിലൂടെ സംഘത്തിന്റെ വരുമാനം വര്‍ധിപ്പിച്ച് അശരണരായ കൂടുതല്‍പേരിലേക്ക് സഹായം എത്തിക്കാനാണ് ഈ വീട്ടമ്മമാരുടെ തീരുമാനം. ടി. പ്രിന്‍സിയാണ് ട്രഷറര്‍. എം. ഷിബിന, ടി.പി. അനുരാഗി, പി. ഷീജ, സി.ടി.കെ. വിനിജ, ശാന്തി, ശ്രീജ, ധന്യ, ഷൈമ, ലിഖിത, പ്രസീന, ടി.വി. ബിന്ദു എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

 

 




MathrubhumiMatrimonial