Crime News

ഒരുവര്‍ഷംമുമ്പ് കാണാതായ പെണ്‍കുട്ടി പെണ്‍വാണിഭസംഘത്തില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തി

Posted on: 16 May 2015


പത്തനംതിട്ട: ഒരുവര്‍ഷംമുമ്പ് കാണാതായ പതിനാറുകാരി പെണ്‍വാണിഭസംഘത്തില്‍നിന്ന് രക്ഷപ്പെട്ട് തിരികെയെത്തി. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ പെണ്‍വാണിഭസംഘത്തിന് കാഴ്ചവച്ച വക്കീല്‍ഗുമസ്തയെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണ്. വള്ളിക്കോട് രേണുക ഭവനത്തില്‍ രേണുക ആര്‍.നായര്‍ (32) ആണ് അറസ്റ്റിലായത്. പത്തനംതിട്ടബാറിലെ അഭിഭാഷകന്റെ ഗുമസ്തയാണ്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരേയും സംഘത്തിലുള്‍പ്പെട്ടവരേയുംപറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വള്ളിക്കോട്, ആലപ്പുഴ, കൊല്ലം പ്രദേശങ്ങളിലുള്ള ഏഴുപേരെപ്പറ്റി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അറസ്റ്റിലാകുമ്പോള്‍ രേണുക മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ ചോദ്യംചെയ്യലില്‍ ഇവര്‍ സഹകരിച്ചില്ല. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

പത്താംക്ലൂസ്പഠനം പൂര്‍ത്തിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം മെയിലാണ് കാണാതായത്.
ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിനല്‍കിയിരുന്നു. അവരുടെ പരാതിയില്‍ രേണുകയെപ്പറ്റി സൂചിപ്പിച്ചിരുന്നു.
പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ച്‌നീക്കങ്ങള്‍ നടത്തി. ഇതിനിടെയാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.

ആലപ്പുഴയിലെ ഒരു വീട്ടില്‍ മറ്റൊരുസ്ത്രീയ്‌ക്കൊപ്പം താമസിപ്പിച്ച് പലര്‍ക്കും തന്നെകാഴ്ചവച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പത്തനംതിട്ട സി.ഐ. അനില്‍കുമാര്‍, എസ്.ഐ. മനോജ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 




MathrubhumiMatrimonial