
കൈക്കൂലി നല്‍കിയില്ല; സ്‌കൂട്ടര്‍ യാത്രികയ്ക്ക് പോലീസുകാരന്റെ ഇഷ്ടികയേറ്
Posted on: 11 May 2015
ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സ്‌കൂട്ടര്‍യാത്രികയെ ഡല്‍ഹിയില്‍ പോലീസുകാരന്‍ ഇഷ്ടികകൊണ്ട് എറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഇന്ത്യാഗേറ്റിന് സമീപത്താണ് ഡല്‍ഹിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ട്രാഫിക് പോലീസുകാരനെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയുംചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് ചന്ദ്രയെ സംഭവത്തില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്.
മകളെ സ്‌കൂളില്‍ വിടാന്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന രമണ്‍ജീത് കൗര്‍ ആണ് ട്രാഫിക് പോലീസുകാരന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങള്‍ കാര്‍ യാത്രികന്‍ കമല്‍കാന്ത് മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. സ്ത്രീയുടെ മുതുകിലേക്ക് ട്രാഫിക് പോലീസുകാരന്‍ ഇഷ്ടികകൊണ്ട് ശക്തിയായി എറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് രമണ്‍ജീത് കൗര്‍ പറയുന്നതിങ്ങനെ: മകളെയുംകൊണ്ട് സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. റെഡ് ലൈറ്റ് തെറ്റിച്ചുവെന്നാരോപിച്ച് ട്രാഫിക് പോലീസുകാരന്‍ സ്‌കൂട്ടര്‍ തടഞ്ഞു. റെഡ് ലൈറ്റ് തെറ്റിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നതായും പറഞ്ഞു. എന്നാല്‍, 200 രൂപ പിഴയടയ്ക്കണമെന്നായി ട്രാഫിക് പോലീസുകാരന്‍. പിഴയടയ്ക്കാമെന്നും രശീതി നല്‍കണമെന്നും പറഞ്ഞു. രശീതി നല്‍കാന്‍ പോലീസുകാരന്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ ചെലാന്‍ വീട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ട്രാഫിക് പോലീസുകാരന്‍ കൈയില്‍ കയറിപ്പിടിക്കുകയും സ്‌കൂട്ടറില്‍ ചവിട്ടുകയും ഇഷ്ടികകൊണ്ട് എറിയുകയും ചെയ്തു.
ട്രാഫിക് പോലീസുകാരന്‍ ഔദ്യോഗിക വാഹനത്തിലല്ല വന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. ക്രിമിനല്‍ക്കേസ് എടുത്തിട്ടുണ്ട്. കൈക്കും മുതുകിനും പരിക്കേറ്റ സ്ത്രീ ആര്‍.എം.എല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.വകുപ്പുതല അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിങ് പറഞ്ഞു.
