Crime News

കസ്റ്റഡിയിലെടുത്ത യുവാവ് രാത്രി സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി

Posted on: 11 May 2015


ചാത്തന്നൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ടു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പോലീസുകാര്‍ കുറെദൂരം പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
നെടുമ്പന പള്ളിമണ്‍ വട്ടവിള ലക്ഷംവീട് കോളനിയില്‍ ദര്‍ശന്‍ തമ്പി (21)യാണ് പോലീസ് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയാണ് ദര്‍ശന്‍ തമ്പിയെ കസ്റ്റഡിയിലെടുത്ത് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.
സമീപകാലത്ത് പള്ളിമണിലും പരിസരപ്രദേശങ്ങളിലും നടന്ന മോഷണക്കേസുകളില്‍ സംശയം തോന്നിയാണ് പോലീസ് പിടികൂടിയതെന്നറിയുന്നു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ സ്ത്രീപീഡനക്കേസുണ്ട്.
പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനും ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്തതിനും പോലീസ് നിരവധിപേരെ പിടികൂടി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. രാത്രി ഏഴരയോടെ സ്റ്റേഷനില്‍ ഇവരുടെയും ഇവരെ ജാമ്യത്തിലിറക്കാന്‍ എത്തിയവരുടെയും തിരക്കായിരുന്നു. ഈ സമയത്ത് ദര്‍ശന്‍ തമ്പി മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. പോലീസുകാര്‍ അനുമതി നല്‍കി.
മൂത്രമൊഴിക്കാന്‍ പോകുന്നെന്ന വ്യാജേന സൂത്രത്തില്‍ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കടന്നിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും സമീപത്തുള്ള പള്ളിയുടെ അടുത്തെത്തിയശേഷം ഇയാളെ കാണാതായി. രാത്രി പോലീസ് പള്ളിമണും പരിസരപ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

 

 




MathrubhumiMatrimonial