
മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ വാതിലുകള്‍ കയറിയിറങ്ങി വിദ്യാര്‍ഥികള്‍
Posted on: 08 May 2015

പീരുമേട്: മനുഷ്യന്‍ അപകടത്തില്‍പ്പെട്ടാലും രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തി തിരക്കഭിനയിച്ച് ഓടിമറയുന്നവരുടെ കൂട്ടത്തില്‍ വേറിട്ട മനസ്സുമായി അഞ്ചു വിദ്യാര്‍ഥികള്‍. പീരുമേട് ചിദംബരംപിള്ള മൊമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥികളായ ശിവപ്രസാദ്, രതീഷ്, ലിജോ, മനു, ലിബിന്‍ എന്നിവരാണ് സ്‌കൂള്‍പരിസരത്ത് മുറിവേറ്റു കിടന്ന പശുക്കിടാവിനെ രക്ഷിക്കാന്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് വിവിധ വകുപ്പ് ഓഫീസുകളില്‍ കയറിയിറങ്ങിയത്.
വാഹനമിടിച്ച് പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ പശുക്കിടാവിന് അനങ്ങാനാവില്ലായിരുന്നു. ദിവസങ്ങള്‍ പഴകിയ വ്രണം പുഴുവരിച്ചു തുടങ്ങി. ഈ നിസ്സഹായാവസ്ഥ കണ്ട വിദ്യാര്‍ഥികള്‍ പീരുമേട്ടിലെ മൃഗാസ്പത്രിയിലും ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും വനം വകുപ്പ് ഓഫീസിലും സഹായമഭ്യര്‍ത്ഥിച്ച് എത്തി.
ചത്ത പശുവിനെ മറവ് ചെയ്യാന്‍ പണമനുവദിക്കുമെന്നും ചികിത്സയ്ക്ക് പണം അനുവദിക്കാന്‍ നിര്‍വാഹമിെല്ലന്നുമാണ് പഞ്ചായത്ത് ഓഫീസില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മറുപടി. പല ഓഫീസുകളും കയറിയിറങ്ങി വലഞ്ഞ വിദ്യാര്‍ഥികള്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി സി.ഐ. പി.വി.മനോജ്കുമാറിന്റെ സഹായം തേടി. വിദ്യാര്‍ഥികളെ ഒപ്പംകൂട്ടി സി.ഐ. സ്ഥലം സന്ദര്‍ശിച്ചു. മൃഗഡോക്ടറുടെ സഹായം തേടി. സ്‌കൂള്‍പരിസരത്ത് എത്തിയ ഡോക്ടറും സംഘവും പശുവിന് പ്രഥമശുശ്രൂഷ നല്‍കി. മുറിവുണക്കുന്നതിന് പത്തു ദിവസത്തേക്ക് മരുന്നും നല്‍കി.
അധ്യയനവും ഭക്ഷണവും വെടിഞ്ഞ് മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ കാട്ടിയ സന്മമനസ്സിന് അഭിനന്ദനവും ഉച്ചഭക്ഷണവും നല്‍കി സി.ഐ. ഇവരെ വീട്ടിലേക്കയച്ചു.
