Crime News

സൗദിയില്‍ യെമന്‍ വിമതരുടെ ഷെല്ലാക്രമണം: മലയാളികള്‍ ആശങ്കയില്‍

Posted on: 07 May 2015


ഏഡന്‍: സൗദി അറേബ്യയിലെ നജ്‌റാനില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയില്‍. ചൊവ്വാഴ്ച രാത്രി നജ്‌റാനിലെ സൈനികാസ്പത്രിക്കും സൈനികാസ്ഥാനത്തിനും നേരേ ഹൂതി വിമതര്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആസ്പത്രിക്കെട്ടിടത്തിന് മുന്നില്‍ വീണ ഷെല്ല് പൊട്ടിത്തെറിച്ച് ഉന്നത സൈനികോദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. മറ്റ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

നജ്‌റാന്‍ സൈനികാസ്പത്രിയില്‍ 25 മലയാളികളടക്കം 35-ഓളം ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. നഴ്‌സുമാരും സാങ്കേതിക ജീവനക്കാരും ഓഫീസ് ജീവനക്കാരുമടക്കമുള്ള ജോലിക്കാരാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ എട്ടു സ്ത്രീകളുണ്ട്. വിമതരുടെ ആക്രമണം രൂക്ഷമായതോടെ മലയാളികളടക്കമുള്ള ആസ്പത്രി ജീവനക്കാര്‍ അരക്ഷിതാവസ്ഥയിലാണ്. ഇവരോട് ആസ്പത്രി കെട്ടിടത്തിന് പുറത്തേക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിച്ചിട്ടുണ്ട്.

അതിനിടെ, ഹൂതി ആക്രമണത്തിന് സൗദി അറേബ്യ ബുധനാഴ്ച ശക്തമായ തിരിച്ചടി നല്‍കി. പുലര്‍ച്ചെ വരെ ഏതാണ്ട് 30 വ്യോമാക്രമണങ്ങളാണ് സൗദി വ്യോമസേന നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പീരങ്കി ഉപയോഗിച്ചും യെമന്‍ അതിര്‍ത്തിയിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേ സൗദിസേന ആക്രമണം നടത്തി. ആക്രമണങ്ങളില്‍ ഏതാണ്ട് 43 പേര്‍ കൊല്ലപ്പെട്ടതായും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

 

 




MathrubhumiMatrimonial