
കേടായ മദ്യവും ബിയറും നശിപ്പിക്കണമെന്ന് എക്‌സൈസ്: നടപടിയെടുക്കാതെ ബിവറേജസ് കോര്‍പ്പറേഷന്‍
Posted on: 07 May 2015
എം.കെ.സുരേഷ്
കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ വിദേശമദ്യവും ബിയറും
കൊല്ലം: സംസ്ഥാനത്തൊട്ടാകെയുള്ള വെയര്‍ഹൗസ് ഗോഡൗണുകളിലും ബിവറേജസ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ വില്‍പ്പനശാലകളിലും വില്‍പ്പനയോഗ്യമല്ലാത്ത ലക്ഷങ്ങള്‍ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും കെട്ടിക്കിടക്കുന്നു. ഇത് നശിപ്പിക്കണമെന്ന് എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടും വിതരണക്കാരായ ബിവറേജസ് കോര്‍പ്പറേഷന്‍ അനങ്ങുന്നില്ല.
മദ്യവും ബിയറും നശിപ്പിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ കഴിഞ്ഞ ജനവരിയിലും ഫിബ്രവരിയിലും രേഖാമൂലം ആവശ്യപ്പെട്ടതാണ്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഗോഡൗണുകളിലും വില്‍പ്പനശാലകളിലും മദ്യം നീക്കാതായതോടെ ജീവനക്കാരും പ്രതിസന്ധിയിലായി. ഇതോടൊപ്പം പൂട്ടിയ ബാറുകളിലെ മദ്യശേഖരവും എത്തിച്ചതോടെ ഗോഡൗണുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലാതായി. ഡെഡ് സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയാണ് കാലാവധി കഴിഞ്ഞ ബിയറും മറ്റ് രീതിയില്‍ ഉപയോഗയോഗ്യമല്ലാതായ മദ്യവും നശിപ്പിക്കുന്നത്.
ജനവരി 17ന് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള കത്തില്‍ വെയര്‍ഹൗസ് ഗോഡൗണുകളിലുള്ള വിദേശമദ്യത്തിന്റെ 6728 കെയ്‌സിന് പുറമെ 1489 ബോട്ടിലും ബിയറിന്റെ 11533 കെയ്‌സിന് പുറമെ 464 ബോട്ടിലും നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വില്‍പ്പനശാലകളില്‍നിന്ന് മാറ്റേണ്ട വിദേശമദ്യത്തിന്റെ അളവ്് 114851 ബോട്ടിലും ബിയറിന്റേത് 22280 ബോട്ടിലുമായിരുന്നു.
ഫിബ്രവരിയില്‍ നല്‍കിയ കത്തില്‍ നശിപ്പിക്കേണ്ട ബാക്കി മദ്യത്തിന്റെ കണക്കും എക്‌സൈസ് നല്‍കിയതാണ്. ഈ കത്തനുസരിച്ച് വെയര്‍ഹൗസ് ഗോഡൗണുകളില്‍നിന്ന് 26538 കെയ്‌സും 26259 ബോട്ടിലും വിദേശമദ്യവും 906 ബോട്ടില്‍ ബിയറും നശിപ്പിക്കണമെന്നായിരുന്നു ആവശ്യം. വില്‍പ്പനശാലകളില്‍നിന്ന് മാറ്റേണ്ട വിദേശമദ്യം 639226 ബോട്ടിലായിരുന്നു.
ബിയറിന്റെ പരമാവധി വില്‍പ്പന കാലാവധി ഉത്പാദനകാലംമുതല്‍ ആറുമാസമാണ്. ഈ കാലാവധി കഴിഞ്ഞാല്‍ ചത്ത ബിയറായി കണക്കാക്കും. എന്നാല്‍ സാധാരണ രീതിയല്‍ മദ്യത്തിന് കാലപ്പഴക്കം നാശം ഉണ്ടാക്കില്ല. പക്ഷേ കുപ്പികള്‍ക്കുള്ള നാശം, കുപ്പികളില്‍ മട്ടി അടിയുന്നത് തുടങ്ങിയവ കണ്ടെത്തിയാല്‍ വില്‍ക്കരുതെന്നാണ് നിയമം. ഇവയെല്ലാം ഡെഡ് സ്റ്റോക്കിലാകും. ഈ വിഭാഗങ്ങളില്‍പ്പെട്ട മദ്യവും ബിയറുമാണ് നശിപ്പിക്കണെമെന്ന നിര്‍ദ്ദേശമുണ്ടായത്.
സ്ഥലം കണ്ടെത്താനാവാത്തതും മലിനീകരണ പ്രശ്‌നവുമാണ് മദ്യം നശിപ്പിക്കുന്നതിന് സാങ്കേതിക തടസ്സമായി പറയുന്നത്. എന്നാല്‍ പാലക്കാട്ടെ ഒരു മദ്യനിര്‍മാണ കമ്പനിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ഇവ നശിപ്പിക്കാന്‍ ധാരണയായതാണ്. മദ്യ ഉത്പാദനത്തിന്റെ തിരക്കുള്ള സമയമായതിനാല്‍ ഇതും നടന്നില്ല. കാലഹരണപ്പെട്ട മദ്യം കെട്ടിക്കിടക്കുന്നത് ജീവനക്കാരില്‍ ഉണ്ടാക്കുന്ന ആശങ്ക കുറച്ചൊന്നുമല്ല. മിക്കയിടത്തും ഗോഡൗണുകള്‍ക്ക് സ്ഥലപരിമിതി ഉള്ളതിനാല്‍ അവിടൊന്നും മദ്യം ഒഴുക്കികളയാനാവില്ല. വലിയ അളവില്‍ മദ്യം ഒഴുക്കുന്നത് കിണര്‍വെള്ളം മലിനപ്പെടുന്നതിനുപോലും കാരണമാകും. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ സാന്നിധ്യത്തിലും മലിനീകരണം ഒഴിവാക്കിയും വേണം മദ്യം നശിപ്പക്കേണ്ടതെന്നാണ് നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ മദ്യനയത്തെത്തുടര്‍ന്ന് പൂട്ടിയ ബാറുകളിലെ വിദേശമദ്യവും ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. ബാറുകളില്‍ മുദ്രവച്ച് സൂക്ഷിച്ചിരുന്ന വിദേശമദ്യം ലൈസന്‍സികള്‍ കൈമാറണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിത്തുടങ്ങി. മിക്ക ബാറുകളും ബിയര്‍-വൈന്‍ പാര്‍ലര്‍ ആയതോടെ ബിയര്‍ അവിടെത്തന്നെ ഉപയോഗിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ബാറുടമകളാകട്ടെ മദ്യം മാറ്റിയിരുന്നില്ല. അതേസമയം ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന ബാറുകളില്‍നിന്നുള്ള വിദേശമദ്യം എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശമൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. സ്വാഭാവികമായും ബാറുടമകളായ ലൈസന്‍സികള്‍ക്ക് മദ്യത്തിന്റെ വില നല്‍കേണ്ടിവരും. ഇക്കാര്യത്തിലും തീരുമാനമായില്ല.
