Crime News

ഉതുപ്പ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ.

Posted on: 07 May 2015


നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്

കൊച്ചി:
വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരില്‍ നിന്ന് പകല്‍ക്കൊള്ളയിലൂടെ നൂറ് കോടിയിലധികം തട്ടിയ ഉതുപ്പ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍. അല്‍ സറാഫ ട്രാവല്‍സ് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍റ്‌സ് മാനേജിങ് ഡയറക്ടര്‍ ഉതുപ്പ് വര്‍ഗീസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ഉതുപ്പ് വര്‍ഗീസിന്‍റെ പങ്കാളിത്തത്തിന് തെളിവ് ലഭിച്ചതിനാല്‍ കേസില്‍ മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. കേസെടുത്ത കാര്യം അറിഞ്ഞതോടെ അധോലോക ബന്ധമുള്ള ഇയാള്‍ വിദേശത്ത് ഒളിവില്‍ പോയിരിക്കുകയാണ്.

ഹര്‍ജിക്കാരന്റെ സ്ഥാപനം ഇപ്പോഴും കുവൈത്തിലെത്തിയ ഉദ്യോഗാര്‍ഥികളെ ഭീഷണിപ്പെടുത്തി പണവും രേഖകളും ഈടാക്കുന്നത് തുടരുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് തടയാന്‍ ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സി.ബി.ഐ.ക്കു വേണ്ടി ഇന്‍സ്‌പെക്ടര്‍ പി. താഹിര്‍ അബ്ബാസ് ബോധിപ്പിക്കുന്നു.

ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കാത്ത ഇയാളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കുകയാണെന്നും സി.ബി.ഐ. അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് എത്തിയേക്കും.
ഒരാളെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതിന് കോട്ടയം ഈസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അക്കാര്യം മറച്ചുെവച്ച് ഇയാള്‍ കോടതിയെ കബളിപ്പിക്കുകയാണ്. ഹര്‍ജിക്കാരന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ഭീതി മൂലം സാക്ഷികള്‍ തെളിവ് നല്‍കാന്‍ വിസമ്മതിക്കും.

കുവൈത്ത് സര്‍ക്കാറിനു വേണ്ടി 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത ഇയാള്‍ ഇതിനകം നിയമ വിരുദ്ധമായി 100 കോടി സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് പോലും കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന നിയമന നടപടികളുടെ പേരില്‍, അനുവദനീയമായ 19,500 രൂപയ്ക്കു പകരം 19.5 ലക്ഷം രൂപ വീതമാണ് ഈടാക്കുന്നത്. 19,500 രൂപയുടെ രശീതി മാത്രമേ നല്‍കുന്നുള്ളൂ.

വിദേശത്ത് പോകുന്നവരെ ഏജന്‍സികള്‍ പറ്റിക്കുന്നത് തടയാനും അവരെ രക്ഷിക്കാനും ബാധ്യസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസിന്റെ ഒത്താശയോടെയാണ് തട്ടിപ്പെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് അഡോള്‍ഫസ്. പത്ര പരസ്യം നല്‍കി അല്‍ സറാഫ 1200 നഴ്‌സുമാരെയാണ് കുവൈത്ത് സര്‍ക്കാറിനു വേണ്ടി നിയമനത്തിനായി തിരഞ്ഞെടുത്തത്.
ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കല്‍, പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും ചെക്കും വാങ്ങി വെയ്ക്കല്‍ എന്നിവയുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെയ്ക്കാന്‍ അഡോള്‍ഫസ് ചട്ടപ്രകാരമുള്ള പരിശോധനകള്‍ ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിബി.ഐ. അറിയിച്ചിട്ടുള്ളത്.

 

 




MathrubhumiMatrimonial