
സ്ത്രിയെ തല്ലികൊന്ന കേസില്‍ നാല് അഫ്ഗാനികള്‍ക്ക് വധശിക്ഷ
Posted on: 06 May 2015

28കാരിയായ ഫര്‍കുന്ദയെയാണ് ഖുര്‍ ആന്‍ കത്തിച്ചുവെന്ന പേരില്‍ ഒരു സംഘം മതഭ്രാന്തന്‍മാര്‍ അഫ്ഗാനില്‍ നിഷ്‌ക്കരുണം കൊലപ്പെടുത്തിയത്. ഷാ ദു ഷംഷൈറ പള്ളിക്ക് സമീപം സ്ത്രീകള്‍ക്ക് ബ്രേസ്ലറ്റ് വിറ്റിരുന്ന ഒരു മുല്ലയുമായി ഫര്‍കുന്ദ കയര്‍ക്കുന്നിടത്താണ് സംഭവത്തിന്റെ തുടക്കം. തര്‍ക്കം മുറുകിയപ്പോള്‍ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആന്‍ ഫര്‍ക്കുന്ദ കത്തിച്ചതായി മുല്ല ആരോപിക്കുകയായിരുന്നു.
ഇതുകേട്ട ഉടനെ സംഭവത്തിന്റെ നിചസ്ഥിതി മനസ്സിലാക്കാതെ ഓടിക്കൂടിയ ഒരു സംഘം മതഭ്രാന്തന്‍മാര്‍ അവരെ നിഷ്‌ക്കരുണം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മരണം ഉറപ്പ് വരുത്തുന്നതിനായി മൃതദേഹത്തിന് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റി. എന്നിട്ടും മതിവരാതെ ഫര്‍ക്കുന്ദയുടെ മൃതദേഹം അക്രമികള്‍ കത്തിക്കുകയും ചെയ്തു. ഫര്‍കുന്ദ ഖുര്‍ ആന്‍ കത്തിച്ചതിന് യാതൊരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. അക്രമികളില്‍ പലരും കേട്ടുകേള്‍വിയുടെ പുറത്താണ് അക്രമം നടത്തിയതെന്ന് കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ഫര്‍ക്കുന്ദയുടെ മരണം അഫ്ഗാനില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
