Crime News

മുമ്പ് കോപ്പിയടി പിടിച്ചിരുന്ന ചീഫ് വിജിലന്‍സ് ഓഫീസര്‍; ഇപ്പോള്‍ കോപ്പിയടിച്ച് പിടിയില്‍

Posted on: 06 May 2015

ഡി.അജിത്കുമാര്‍



കോട്ടയം: എഴുതിയത് ക്രിമിനല്‍ നിയമ പരീക്ഷ. കോപ്പിയടിച്ച് പിടിയിലായത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ചുമതലയുള്ള ഐ.ജി. പോരാ, മുമ്പ് ഇതേ സര്‍വകലാശാലയില്‍ വിജിലന്‍സ് ഓഫീസറായിരുന്നയാള്‍.

കോപ്പിയടിച്ചതിന് അന്വേഷണം നേരിടുന്ന ഐ.ജി. ടി.ജെ.ജോസ് 1997-99 കാലയളവില്‍ എം.ജി.സര്‍വകലാശാലയില്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറായിരുന്നു. കോപ്പിയടി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. ഡെപ്യൂട്ടേഷനിലായിരുന്നു നിയമനം.

പരീക്ഷാക്രമക്കേട് കണ്ടെത്താനുള്ള സ്‌ക്വാഡിന് അന്ന് നേതൃത്വംനല്‍കിയിരുന്നത് വിജിലന്‍സ് ഓഫീസറായിരുന്നു. സര്‍വകലാശാലയുടെ സുരക്ഷാമേല്‍നോട്ടം, വിവിധ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം എന്നിവയും ചെയ്തുവന്നു. അവിടെനിന്ന് നാര്‍ക്കോട്ടിക്ക് സെല്ലിലേയ്ക്ക് മാറിപ്പോയി.

എല്‍എല്‍.എം. രണ്ടാംസെമസ്റ്ററിലെ 'ലോസ് ഓഫ് ക്രൈംസ്' എന്ന പേപ്പറിന്റെ പരീക്ഷയ്ക്കാണ് കോപ്പിയടിച്ചത്.
പത്തുമണിക്ക് പരീക്ഷ തുടങ്ങിയെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഐ.ജി. ഒരു ഉത്തരം മാത്രമേ എഴുതിയിരുന്നുള്ളൂ.

തൂവാല നാലായി മടക്കി അതിനടിയിലാണ് തുണ്ടുകടലാസ്സില്‍ കൊണ്ടുവന്ന കോപ്പി വച്ചിരുന്നത്. നാലുപേജ് ഉത്തരമെഴുതി. കോപ്പിയടി ശ്രദ്ധയില്‍പ്പെട്ട ഇന്‍വിജിലേറ്റര്‍ തുണ്ടുകടലാസ്സ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ല. ഉത്തരക്കടലാസ്, ചോദ്യപേപ്പര്‍ എന്നിവ ഇന്‍വിജിലേറ്റര്‍ക്ക് നല്‍കി 11.15ന് ഇറങ്ങിപ്പോയെന്നും സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തൊണ്ടി പിടിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ മൊഴികള്‍ നിര്‍ണായകമാകും.

എല്‍എല്‍.എം. പരീക്ഷയുടെ ഈ സെമസ്റ്ററില്‍ത്തന്നെ ഇവിടെ മൂന്നാംതവണയാണ് കോപ്പിയടി പിടിക്കുന്നത്. ഏപ്രില്‍ 23നാണ് പരീക്ഷ തുടങ്ങിയത്. മുമ്പ്പിടിയിലായ രണ്ടുപേരെയും ഡീബാര്‍ ചെയ്തു.

മുമ്പ്, ഓഫ്-കാമ്പസ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്കിടെ രജിസ്ട്രാറുടേയും പരീക്ഷാകണ്‍ട്രോളറുടേയും നേതൃത്വത്തില്‍ മിന്നല്‍പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്നാണ്, പരീക്ഷകള്‍ എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയത്. പഴയ രീതിയായിരുന്നെങ്കില്‍ സംഭവം പുറംലോകം അറിയാതെ പോയേനെ.

 

 




MathrubhumiMatrimonial