Crime News

പന്ത്രണ്ടുകാരന്‍ വെട്ടേറ്റു മരിച്ചു: കൃത്യം നടത്തിയ ബന്ധു തൂങ്ങി മരിച്ചു

Posted on: 06 May 2015


മാനന്തവാടി: വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ 12 വയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു. കുട്ടിയെ വെട്ടിക്കൊന്നയാള്‍ വീടിനു സമീപത്തു തൂങ്ങി മരിച്ചു. അഞ്ചുകുന്ന് ക്ലബ്ബ് സെന്ററിലെ കളത്തിങ്കര മോഹനന്റെയും ശുഭയുടെയും മകന്‍ അതുല്‍ കൃഷ്ണയാണ് വെട്ടേറ്റു മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു സമീപത്തെ ബന്ധുവീട്ടില്‍ പാല്‍ വാങ്ങാന്‍ പോയ അതുലിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. എന്നാല്‍, തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ അതുല്‍ ജില്ലാ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അപര്‍ണ അതുലിന്റെ സഹോദരിയാണ്.

അതുലിന്റെ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇവരുടെ ബന്ധുവായ വിജയപ്രസാദി (30) നെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതുലിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് വിജയപ്രസാദ്. ഇയാള്‍ തൂങ്ങിമരിച്ച മരത്തിനു താഴെ രക്തക്കറ പുരണ്ട കത്തിയും ക്യാരിബാഗും കണ്ടെത്തി. കൃത്യം നടത്തിയത് വിജയപ്രസാദാണെന്ന് സ്ഥിരീകരിച്ചതായി കേസന്വേഷിക്കുന്ന മീനങ്ങാടി സി.ഐ. ടി.എന്‍. സജീവ് പറഞ്ഞു. അതുലിന്റെ അച്ഛന്‍ മോഹനനും വിജയപ്രസാദും ചേര്‍ന്ന് കര്‍ണാടകയില്‍ ഇഞ്ചിക്കൃഷി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കവും പകയുമാണ് അതുലിന്റെ കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

 

 




MathrubhumiMatrimonial