Crime News

രൂപേഷ്, ഷൈന... മാവോവാദിസംഘത്തിലെ മലയാളിസാന്നിധ്യം

Posted on: 05 May 2015

സരോജം കെ. മല്യ



പാലക്കാട്: കോയമ്പത്തൂരില്‍വെച്ച് തമിഴ്‌നാട് പോലീസ് പിടികൂടിയ മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരാണ് കേരളത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് അദൃശ്യ നേതൃത്വം നല്‍കിയത്. ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തില്‍ ഒളിവില്‍ താമസിപ്പിച്ചതുമടക്കമുള്ള പതിനഞ്ചോളം കേസുകളില്‍ രൂപേഷിനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.

എല്‍.എല്‍.ബി. ബിരുദധാരിയായ രൂപേഷ് തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ്. തുടക്കത്തില്‍ സി.പി.ഐ. (എം.എല്‍.) റെഡ്ഫ്ലൂഗിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2001ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 2004 സപ്തംബര്‍ 24ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും യോജിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപവത്കരിച്ചതോടെ ഇവിടേക്ക് ചേക്കേറുകയായിരുന്നു. രൂപേഷിന്റെ ഭാര്യയാണ് ഷൈന. ഷൈന നേരത്തേ ഹൈക്കോടതിയില്‍ വക്കീല്‍ഗുമസ്തയായിരുന്നു. 2007 മുതല്‍ ഷൈന ഒളിവിലാണ്.

2007ല്‍ അങ്കമാലിയില്‍വെച്ച് മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയംഗം മല്ലരാജറെഡ്ഡി അറസ്റ്റിലായപ്പോള്‍ റെഡ്ഡിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഷൈനയെയും പ്രതിചേര്‍ത്തിരുന്നു. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവില്‍പ്പോയി. പിന്നീട് പശ്ചിമഘട്ടത്തില്‍ മാവോവാദി പ്രവര്‍ത്തനത്തിന് രൂപേഷ് നേതൃത്വം നല്‍കിത്തുടങ്ങി. എന്നാല്‍, ഷൈന ഒരിക്കലും രംഗത്തുവന്നില്ല.

പിന്നെ വിവരമൊന്നുമില്ല. ഇവരുടെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍മക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ അമ്മയെയും പോലീസ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരും വ്യക്തമാക്കിയ സംഭവങ്ങള്‍ വാര്‍ത്തയായിരുന്നു. മാവോവാദി ഗ്രൂപ്പുകളുടെ ഓപ്പറേഷനില്‍ നേരിട്ടുപങ്കെടുത്തതായി വിവരമില്ലെങ്കിലും ഷൈനയും ഇവരോടൊപ്പം തന്നെയാണെന്ന അന്വേഷണ ഏജന്‍സികളുടെ അനുമാനം ശരിവെക്കുന്നതാണ് ചൊവ്വാഴ്ചത്തെ അറസ്റ്റ്.

സംസ്ഥാനത്ത് മാവോവാദിസാന്നിധ്യം സംബന്ധിച്ച അന്വേഷണം നടക്കുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവും ഹൈക്കോടതി മുന്‍ ഗുമസ്തയുമായ ഷൈനയുടെ അജ്ഞാതവാസം ദുരൂഹത സൃഷ്ടിച്ചിരുന്നു. പുറത്തുനിന്നുള്ള സഹായം മാവോവാദികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോവാദി സാന്നിധ്യം ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട ഉത്തരമേഖലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഭീകരവിരുദ്ധസേനയുടെയും അന്വേഷണത്തില്‍ ഷൈനയുടെ പങ്കിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

 

 




MathrubhumiMatrimonial