Crime News

കൊച്ചിയില്‍ 2 കോടിയുടെ സ്വര്‍ണം പിടികൂടി; 2 പേര്‍ അറസ്റ്റില്‍

Posted on: 05 May 2015


നെടുമ്പാശ്ശേരി: ഇലക്ട്രിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 1.96 കോടി രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് 2 പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി അഫീല്‍ (32), കണ്ണൂര്‍ സ്വദേശി യൂസഫ് (31) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരില്‍ നിന്നുമായി 116 ഗ്രാം വീതം തൂക്കം വരുന്ന 62 സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

യുപിഎസ് ബാറ്ററിക്കകത്തും എസി കണ്‍വെര്‍ട്ടറിനകത്തുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 7.192 കിലോ സ്വര്‍ണമാണ് മൊത്തം പിടിച്ചിരിക്കുന്നത്. അഫീലിന്റെ പക്കല്‍ 116 ഗ്രാം വീതം തൂക്കം വരുന്ന 32 സ്വര്‍ണ ബിസ്‌കറ്റുകളും (3712 ഗ്രാം), യൂസഫിന്റെ കൈവശം 30 സ്വര്‍ണ ബിസ്‌കറ്റുകളും (3480 ഗ്രാം) ആണ് ഉണ്ടായിരുന്നത്. രണ്ട് പേരും ദുബായില്‍ നിന്നുമാണ് വന്നിരിക്കുന്നത്. ഗ്രീന്‍ ചാനല്‍ വഴി കടന്നുപോകാന്‍ ശ്രമിച്ച ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ബാഗേജ് തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇലക്ട്രിക് ഉപകരണങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് സ്വര്‍ണം ബാഗേജില്‍ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. വാഹകരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഒരു വര്‍ഷമായി ഇരുവരും ദുബായില്‍ ജോലി നോക്കുകയായിരുന്നു. വന്‍ തുക വാഗ്ദാനം ചെയ്താണ് ഇവരെ കള്ളക്കടത്ത് സംഘം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത്. ഇവര്‍ മുന്‍പ് സ്വര്‍ണം കടത്തിയതായി വിവരമില്ല.

 

 




MathrubhumiMatrimonial