
സഹപാഠിയുടെ കണ്ണീരൊപ്പാന്‍ 25 വര്‍ഷത്തിനുശേഷം അവര്‍ ഒത്തുചേര്‍ന്നു
Posted on: 03 May 2015

കരിവെള്ളൂര്‍: 25 വര്‍ഷം മുമ്പ് ക്ലാസ് മുറിയില്‍നിന്ന് പിരിഞ്ഞവര്‍ പലരും കാലചക്രത്തിന്റെ തിരിച്ചലില്‍ പലവഴിക്കായി. നേരില്‍ കണ്ടാല്‍ തിരിച്ചറിയാന്‍പോലും കഴിയാത്തവിധം പലരുടെയും രൂപം മാറി. എന്നാല്‍ പഴയസഹപാഠിയുടെ ദുരിതവാര്‍ത്ത മാതൃഭൂമിയിലൂടെ അറിഞ്ഞപ്പോള്‍ കരുണനിറഞ്ഞ മനസ്സുമായി അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. സഹപാടിയുടെ കണ്ണീരൊപ്പാന്‍ കരിവെള്ളൂര്‍ എ.വി.സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1989 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ഥികളാണ് സഹപാഠി കുതിരുമ്മലെ ഉഷാകുമാരിയെ സഹയിക്കാനായി ഒത്തുചേര്‍ന്നത്. ബിരുദാനന്തരബിരുദമുള്‍പ്പെടെ യോഗ്യതകള്‍ കൈമുതലായുണ്ടെങ്കിലും ഉഷാകുമാരിയുടെ ജീവിതം കയ്പുനിറഞ്ഞതായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തെ മഴക്കാലത്താണ് ഉഷാകുമാരിയുടെ ദുരിതം പുറംലോകമറിഞ്ഞത്. ചുറ്റുപാടും അരയോളം വെള്ളം കെട്ടിനില്‍ക്കുന്ന ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീടിനുള്ളില്‍ പ്രായമായ മാതാപിതാക്കളെയും രണ്ട് മക്കളെയും ചേര്‍ത്ത്പിടിച്ച് വിധിയെ പകച്ചുനോക്കുന്ന ഉഷാകുമാരി കരളലിയിക്കുന്ന കാഴ്ചയായിരുന്നു, സഹപാഠിയുടെ ദുരിതമറിഞ്ഞ ഉടനെ പഴയ കൂട്ടുകാര്‍ വീട്ടിലെത്തി ഒരുമാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിച്ചുനല്‍കി. പിന്നീട് പലപ്പോഴായി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും മേശയും കസേരയും നല്‍കി. വീട് വൈദ്യുതീകരിച്ചു. ഒറ്റമുറിയുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഉഷാകുമാരിയും കുടുംബവും താമസിക്കുന്നത്. വീടിന്റെ ചോര്‍ച്ചമാറ്റാനായി മുകള്‍ഭാഗത്ത് ഷീറ്റ് ഇടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
മുകള്‍ഭാഗം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള സൗകര്യത്തോടുകൂടിയാണ് ഷീറ്റിടുന്നത്. എണ്‍പതിനായിരത്തോളം രൂപ സഹപാഠികള്‍ ഉഷാകുമാരിയുടെ കണ്ണീര്‍ തുടയ്ക്കാന്‍ ചെലവാക്കിക്കഴിഞ്ഞു. എ.വി.സന്തോഷ്‌കുമാര്‍, അഡ്വ. എം.വി.വിനോദ്കുമാര്‍, യു.രമേശന്‍, പ്രദീപ്കുമാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
