Crime News

യുവതിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

Posted on: 02 May 2015


കിളിമാനൂര്‍: യുവതിയെ കടത്തിക്കൊണ്ടുപോയി ഒരു മാസത്തോളം ലോഡ്ജുകളില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ പാവുമ്പ വില്ലേജില്‍ മഠത്തള്ള വടക്കതില്‍ വീട്ടില്‍ ശിവന്‍ എന്ന് വിളിക്കുന്ന ശിശുപാലനാണ് (40) അറസ്റ്റിലായത്.

കിളിമാനൂര്‍ തട്ടത്തുമല പത്തേറ്റ്കാട് രാജി മന്ദിരത്തില്‍ താമസിക്കുകയായിരുന്നു ഇയാള്‍. യുവതിയുടെ പണവും ആഭരണവും ഉള്‍പ്പെടെ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹ മോചനം നേടിയ യുവതിയുടെ വീടിനു സമീപത്തുള്ള കശുവണ്ടി ഫാക്ടറിയിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്. ശിശുപാലന്‍ യുവതിയുമായി പരിചയപ്പെടുകയും ഏപ്രില്‍ ഒന്നിന് യുവതിയെ ശിശുപാലന്‍ കുണ്ടറയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടുപോയി. അവിടെ നിന്ന് പിറ്റേദിവസം എറണാകുളത്തേക്ക് പോയി. ഇതിനിടെ ഒരു ക്ഷേത്രത്തില്‍ കയറി പരസ്പരം മാലയിട്ടു. ശേഷം രണ്ടുലോഡ്ജുകളില്‍ ഇവര്‍ താമസിച്ചു. ഇതിനിടെ ഒരു ദിവസം മദ്യ ലഹരിയിലെത്തിയ ശിശുപാലന്‍ യുവതിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഹോട്ടലിലെ ഒരു തൊഴിലാളിയുടെ സഹായത്തോടെ എറണാകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം യുവതി അടുത്തുള്ള ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

പോലീസ് യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടയില്‍ യുവതി കിളിമാനൂര്‍ പേലീസില്‍ പരാതിനല്‍കി.

തട്ടത്തുമലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശാരീരിക പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസിലാണ് അറസ്റ്റ്. ഡിവൈ.എസ്.പി. പ്രതാപന്‍ നായര്‍, കിളിമാനൂര്‍ സി.ഐ. എസ്.ഷാജി, എസ്.ഐ.മാരായ ആര്‍.രാജീവ്, രാധാകൃഷ്ണന്‍, അജിത്ത്, ജലാലുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

 




MathrubhumiMatrimonial