
പ്രണയബദ്ധരായ ശ്വാനന്‍മാര്‍ക്ക് സൂറത്തില്‍ മാംഗല്യം
Posted on: 30 Apr 2015

ഒഡീഷ നിവാസികളായ അഭിമന്യൂ നായിക്കും ഭാര്യ പ്രതിമയുമാണ് തങ്ങളുടെ വളര്‍ത്തുപട്ടിയായ ഗുഡുലുവിനെ പോമറേനിയന്‍ ഇനത്തില്‍ തന്നെയുള്ള മറ്റൊരു നായക്ക് വിവാഹം ചെയ്ത് നല്‍കിയത്. കുട്ടികളില്ലാത്ത ഇവര്‍ക്ക് അരുമയായ പോമറേനിയന്‍ പട്ടി ഗുഡുലുവിനെ ശല്യം ചെയ്യുന്ന മോട്ടി എന്ന പോമറേനിയന്‍ നായയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. ഇവരുടെ തൊട്ടടുത്ത വീട്ടിലെ അരുമായായിരുന്നു മോട്ടി.
വീടുകള്‍ അടുത്തടുത്തായതിനാല്‍ പലപ്പോഴും മോട്ടി ഗുഡുലുവിന്റെ കൂടെ വീട്ടിലെത്തും. ശല്ല്യം ഏറിയപ്പോള്‍ നായയുടെ ഉടമയുടെ അടുത്ത് മോട്ടിയെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് നല്‍കാനും ഇവര്‍ മറന്നില്ല.
പക്ഷെ മോട്ടി പിന്‍മാറാന്‍ തയ്യാറാവാതെ വന്നപ്പോഴാണ് ഗുഡുലുവും മോട്ടിയും പ്രണയബദ്ധരാണെന്ന് അവര്‍ മനസിലാക്കുന്നത്. മോട്ടിയെ നഷ്ടപ്പെടുന്നത് ഓര്‍ക്കാനേ കഴിയാതെ വന്നപ്പോള്‍ നായകളുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഭിമന്യുവും പ്രതിമയും പറയുന്നു. കുട്ടികളില്ലാത്ത ഞങ്ങള്‍ക്ക് ഗുഡുലു സ്വന്തം മകള്‍ തന്നെയാണെന്നും മകളെ വിവാഹം ചെയ്തു കൊടുക്കുന്ന പോലെയെ ഇതിനെ കാണേണ്ടതുള്ളുവെന്നും ഇവര്‍ പറയുന്നു.
അതുകൊണ്ട് തന്നെ ദിവസം കുറിച്ച് ബന്ധുക്കളെയെല്ലാം വിവാഹത്തിന് ക്ഷണിക്കാനും ഈ ദമ്പതികള്‍ മറന്നില്ല. അഷ്ടമി ദിവസം നടന്ന വിവാഹത്തില്‍ മോട്ടിയുടെ ഉടമകളായ ഗൗഡും അദ്ദേഹത്തിന്റെ കുടുംബവും സജീവ സാന്നിധ്യമായി. ഗുഡുലുവിനെ വെറുംകൈയ്യോടെ ഭര്‍തൃഗ്രഹത്തിലേക്കയക്കാനും അഭിമന്യുവും പ്രതിമയും തയ്യാറല്ലായിരുന്നു. മൂന്ന് ഗ്രാം തൂക്കമുള്ള സ്വര്‍ണ ചെയിനും മറ്റ് സമ്മാനങ്ങളോടും കൂടിയാണ് ഗുഡുലുവിനെ മോട്ടിക്ക് കൂടെയയച്ചത്. ഗുഡുലുവിന് പുതിയ വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും ടെക്‌സ്റ്റൈല്‍ ജീവനക്കാരനായ അഭിമന്യു നല്‍കി. വിവാഹത്തിന് വിഭവസമൃദ്ധമായ സദ്യയോടൊപ്പം ക്ഷണിതാക്കളക്കായി പ്രത്യേക സംഗീത പരിപാടിയും അവരൊരുക്കിയിരുന്നു. 80,000 രൂപയാണ് ഗുഡുലുവിന്റെ വിവാഹത്തിനായി അഭിമന്യു ദമ്പതികള്‍ക്ക് വന്ന ചെലവ്.
