Crime News

മോഷണക്കേസ് പ്രതിയെ നാലുമാസങ്ങള്‍ക്ക് ശേഷം ഷാഡോപോലീസ് അറസ്റ്റു ചെയ്തു

Posted on: 29 Apr 2015


ചങ്ങനാശ്ശേരി: നാലുമാസം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ ചങ്ങനാശ്ശേരി ഷാഡോപോലീസ് സംഘം അറസ്റ്റ് ചെയ്തു. പുഴവാത് കടന്തോട് സജിതോമസിന്റെ ഭാര്യയുടെ 18ഗ്രാം തൂക്കമുള്ള പാദസ്വരം, സജിയുടെ പോക്കറ്റില്‍ കിടന്ന 800രൂപ, മൊബൈല്‍ഫോണ്‍ എന്നിവ മോഷ്ടിച്ച കേസിലാണ് കല്ലൂപ്പാറ കടുവാങ്കുളത്തുവീട്ടില്‍ അഭിലാഷി(32)നെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 17നാണ് മോഷണം നടന്നത്. സജിതോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാേശ്ശരി സി.ഐ. വി.എ. നിഷാദ്‌മോന്‍, എസ്.ഐ. ജെര്‍ലിന്‍സ്‌കറിയ, ഷാഡോ പോലീസ് സംഘാംഗങ്ങളായ കെ.കെ. റെജി, പ്രദീപ്ലാല്‍, എന്നിവരുടെ നേതൃത്വത്തിലാണ് അഭിലാഷിനെ പിടികൂടിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ഫോണിലെ സിംകാര്‍ഡ് ഉപേക്ഷിച്ചശേഷം ഭാര്യാമാതാവിന്റെ പേരിലുള്ള സിംകാര്‍ഡ് ഇട്ടാണ് അഭിലാഷ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന അഭിലാഷ് ഇപ്പോള്‍ പന്തല്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്യുകയാണ്. ഒരു വര്‍ഷം മുമ്പ് കല്ലൂപ്പാറയില്‍ സി. പി.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു വീട്ടില്‍ നടന്ന മോഷണത്തിലും ഇയാള്‍ പ്രതിയാണ്.

സജിതോമസിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം പണയം വച്ച് അഭിലാഷ് പണം വാങ്ങി. പിന്നീട് ഇത് തിരിച്ചെടുത്ത് വില്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വിറ്റ സ്വര്‍ണം വീണ്ടെടുത്തശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.


 

 




MathrubhumiMatrimonial